ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസ് രാജിസന്നദ്ധത അറിയിച്ചു: റിപ്പോർട്ട്
Saturday, May 24, 2025 1:14 AM IST
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. പ്രതിപക്ഷ പാർട്ടികളും സൈന്യവും ഉടൻ തെരഞ്ഞെടുപ്പു വേണമെന്നാവശ്യപ്പെട്ടിരിക്കേയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തു വന്നത്.
യൂനുസിനെ പിന്തുണയ്ക്കുന്ന വിദ്യാർഥി നേതാവ് നഹീദ് ഇസ്ലാം ആണു രാജിവാർത്ത പുറത്തുവിട്ടത്. ജനങ്ങളാവശ്യപ്പെടുന്ന പരിഷ്കരണങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായസമന്വയത്തിലെത്താൻ മടിക്കുന്ന സാഹചര്യത്തിൽ രാജിവയ്ക്കാൻ ആലോചിക്കുന്നതായി യൂനുസ് പറഞ്ഞുവെന്നാണ് നഹീദ് അറിയിച്ചത്.
നഹീദിന്റെ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) പരിഷ്കരണങ്ങൾ പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന അഭിപ്രായത്തിലാണ്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി അധികാരത്തിൽ തുടരണമെന്നു യൂനുസിനോട് ആവശ്യപ്പെട്ടുവെന്നും നഹീദ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിലേക്കു പലായനം ചെയ്തതിനെത്തുടർന്നാണ്, സമാധാന നൊബേൽ ജേതാവും പ്രമുഖ സാന്പത്തിക വിദഗ്ധനുമായ പ്രഫ. യൂനുസ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് എന്ന പദവിയിൽ ബംഗ്ലാദേശിന്റെ ഭരണം ഏറ്റെടുക്കുന്നത്.
രാജ്യത്തിന്റെ വ്യവസ്ഥകൾ പൊളിച്ചെഴുതുമെന്നു വാഗ്ദാനം ചെയ്താണ് അദ്ദേഹം ഭരണം തുടങ്ങിയതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായഭിന്നതയിൽ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.
പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷമേ ഉണ്ടാകൂ എന്നാണു യൂനുസ് സൂചിപ്പിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പിനു മുന്പ് സംവിധാനങ്ങളുടെയും വ്യവസ്ഥകളുടെയും പരിഷ്കരണങ്ങൾ പൂർത്തിയാകേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ, മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) ഡിസംബറിൽ തെരഞ്ഞെടുപ്പ് വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. ബംഗ്ലാദേശ് സേനയുടെ തലവൻ വാക്കീർ ഉസ് സമാനും ഡിസംബറിൽ തെരഞ്ഞെടുപ്പ് വേണമെന്നാവശ്യപ്പെട്ടത് യൂനുസിനുമേൽ സമ്മർദമേറ്റി.
ഹസീനയുടെ അവാമി ലീഗിനെ യൂനുസ് സർക്കാർ ഈ മാസം നിരോധിച്ച പശ്ചാത്തലത്തിൽ ബിഎൻപിയുടെ തെരഞ്ഞെടുപ്പു മോഹങ്ങൾക്കു സാധ്യത വർധിച്ചിട്ടുണ്ട്.