ഇരുത്തി അപമാനിച്ച് ട്രംപ്; സംയമനം വെടിയാതെ റാമഫോസ
Friday, May 23, 2025 12:41 AM IST
വാഷിംഗ്ടൺ ഡിസി: അതിഥിയായെത്തിയ രാഷ്ട്രത്തലവനെ വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ നാണംകെടുത്തുന്നതു തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തവണ ലോകമാധ്യമങ്ങൾക്കു മുന്നിൽ തലകുനിക്കേണ്ടിവന്നത് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസയ്ക്കായിരുന്നു.
ട്രംപ് അധികാരമേറ്റശേഷം ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ വിള്ളൽ പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു റാമഫോസയുടെ യുഎസ് സന്ദർശനം. വ്യാപരബന്ധമടക്കം ചർച്ച ചെയ്യാമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാൽ, മുൻകൂട്ടി എഴുതിയ തിരക്കഥ പോലെ ചർച്ച മുന്നോട്ടു കൊണ്ടുപോയ ട്രംപ്, ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ വംശഹത്യ ചെയ്യപ്പെടുന്നുവെന്ന അടിസ്ഥാനരഹിത ആരോപണത്തിലൂടെ റാമഫോസയെ നിശബ്ദനാക്കി.
ഫെബ്രുവരി അവസാനം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഓവൽ ഓഫീസിൽ നേരിട്ടതിനു തുല്യമായ അപമാനമാണു ബുധനാഴ്ച റാമഫോസയും നേരിട്ടത്. പക്ഷേ, സെലൻസ്കിയിൽനിന്നു വ്യത്യസ്തനായ റാമഫോസ സംയമനം വെടിയാൻ തയാറായില്ല.
ഗോൾഫ് പ്രേമിയായ ട്രംപിനെ പ്രീതിപ്പെടുത്താൻ വെള്ളക്കാരായ രണ്ടു പ്രമുഖ ഗോൾഫ് കളിക്കാരെയും പ്രതിനിധിസംഘത്തിലുൾപ്പെടുത്തിയാണു റാമഫോസ എത്തിയത്. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷ വെള്ളക്കാർ വംശഹത്യക്കിരയാകുന്നുണ്ടോ എന്ന ചോദ്യം ഒരു മാധ്യമപ്രവർത്തകൻ ഉന്നയിച്ചതോടെ ചർച്ച അവതാളത്തിലായി.
അപ്രതീക്ഷിതമായി ഓവൽ ഓഫീസിലെ വിളക്കുകൾ അണയ്ക്കാൻ ആവശ്യപ്പെട്ട ട്രംപ്, ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരായ കർഷകർ ആക്രമിക്കപ്പെടുന്നുണ്ടെന്നും അവരുടെ ഭൂമി പിടിച്ചെടുക്കപ്പെടുന്നുണ്ടെന്നും തെളിയിക്കാനായി ചില പ്രതിഷേധങ്ങളുടെ വീഡിയോ ടിവിയിൽ പ്രദർശിപ്പിക്കുകയും മരണവാർത്തകളടങ്ങിയ പേപ്പറുകൾ റാമഫോസയ്ക്കു കൈമാറുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ ആക്രമണം നേരിടുന്നു എന്നു വാദിക്കുന്ന ഇലോൺ മസ്കും ഓവൽ ഓഫീസിലുണ്ടായിരുന്നു. പക്ഷേ, അനിഷ്ടം കൂടാതെ ട്രംപിനോടു പ്രതികരിക്കാൻ റാമഫോസയ്ക്കു കഴിഞ്ഞു. റാമഫോസയുടെ സംയമനത്തെ ദക്ഷിണാഫ്രിക്കൻ സർക്കാരും ജനതയും പ്രശംസിച്ചു.
ദക്ഷിണാഫ്രിക്കയിൽ കുറ്റകൃത്യ നിരക്ക് കൂടുതലാണെങ്കിലും അതിന്റെ ഇരകൾ ആഫ്രിക്കൻ വംശജരാണെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. 2024ൽ 26,232 കൊലപാതകങ്ങളാണു ദക്ഷിണാഫ്രിക്കൻ പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ കർഷകസമൂഹവുമായി ബന്ധമുള്ളത് 44 കേസുകൾക്കു മാത്രമാണ്.