ഗാസയിലെ ദുരിതാവസ്ഥയിൽ ആശങ്കയറിയിച്ച് മാർപാപ്പ
Thursday, May 22, 2025 12:01 AM IST
വത്തിക്കാൻ സിറ്റി: ഗാസ മുനമ്പിലെ ജനങ്ങൾ കടന്നുപോകുന്നത് തികച്ചും വേദനാജനകവും ആശങ്കാകുലവുമായ അവസ്ഥയിലൂടെയാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുജന സന്പർക്ക പരിപാടിയിൽ സംസാരിക്കെയാണ് ഗാസയിലെ കുട്ടികളും വയോധികരും രോഗികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എടുത്തുപറഞ്ഞ് സമാധാനശ്രമങ്ങൾക്കായി മാർപാപ്പ ആഹ്വാനം ചെയ്തത്.
ഗാസ പ്രദേശത്ത് മാനുഷിക സഹായമെത്തിക്കുന്നതിന് അനുമതി നൽകണം. ശത്രുത അവസാനിപ്പിക്കണം. ഗാസയിൽ നടന്നുവരുന്ന സംഘർഷങ്ങളുടെയും ആക്രമണങ്ങളുടെയും ഫലം കൂടുതലായി അനുഭവിക്കേണ്ടിവരുന്നത് അവിടെയുള്ള കുട്ടികളും വയോധികരും രോഗികളായ ആളുകളുമാണെന്നും മാർപാപ്പ ഓർമിപ്പിച്ചു.
അതേസമയം, യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പായും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ ഫോണിൽ സംസാരിച്ചു.