ഗാസയിൽ 45 പേർ കൊല്ലപ്പെട്ടു; അവശ്യവസ്തുക്കളുടെ വിതരണം നടന്നില്ല
Thursday, May 22, 2025 12:01 AM IST
ദെയ്ർ അൽ ബലാഹ്: അർധരാത്രിയിലും ഇന്നലെ പകലും തുടർന്ന ഇസ്രയേൽ ആക്രമണത്തിൽ ഒരാഴ്ച പ്രായമായ കുഞ്ഞ് ഉൾപ്പെടെ 45 പേർ കൊല്ലപ്പെട്ടു.
ഹമാസിനെയാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും സിവിലിയൻ മേഖലകളിൽനിന്നു പ്രവർത്തിക്കുന്നത് ഹമാസ് തന്നെയാണെന്നുള്ള വിശദീകരണമാണ് ഇസ്രേലി സൈന്യം നൽകുന്നത്. ഗാസയിലെ സൈനിക നടപടികളെ ലോകരാഷ്ട്രങ്ങൾ വിമർശിച്ചിരുന്നെങ്കിലും ആക്രമണവുമായി ഇസ്രയേൽ മുന്നോട്ടു പോകുകയാണ്.
അവശ്യവസ്തുക്കൾ ഗാസയിൽ എത്തിച്ചെങ്കിലും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു യുഎൻ വക്താവ് സ്റ്റെഫാൻ ഡ്യുജാറിക് പറഞ്ഞു. 93 ട്രക്കുകൾ കെറം ഷാലോം ക്രോസിംഗ് കടന്ന് പലസ്തീനിൽ എത്തിയെങ്കിലും സഹായവസ്തുക്കൾ ജനങ്ങളിലെത്തിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.
അതേസമയം, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ ബ്രിട്ടനും യൂറോപ്യൻ യൂണിയനും മരവിപ്പിച്ചു. ബന്ദികൾ സ്വന്തം വീടുകളിലെത്തുന്ന നിമിഷം യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇസ്രയേൽ നിലപാട്. അതോടൊപ്പം, ഹമാസ് പരാജയപ്പെടുകയോ നാടുകടത്തപ്പെടുകയോ നിരായുധീകരിക്കപ്പെടുകയോ വേണമെന്നും ഇസ്രയേൽ പറയുന്നു.