അരിവില അറിയില്ലെന്ന്! ജപ്പാനിലെ കൃഷിമന്ത്രിയുടെ പണിപോയി
Thursday, May 22, 2025 12:01 AM IST
ടോക്കിയോ: വിവാദ പരാമർശത്തെത്തുടർന്ന് ജപ്പാനിലെ കൃഷി മന്ത്രി ടാക്കു എറ്റോ രാജി വച്ചു. തനിക്ക് ഒരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ലെന്നും അത് സൗജന്യമായി ലഭിക്കുന്നുണ്ടെന്നും പറഞ്ഞതാണ് വിവാദത്തിനു തിരി തെളിച്ചത്.
രാജ്യത്ത് അരിവില വർധിച്ചതു മൂലമുള്ള പ്രതിസന്ധി നിലനിൽക്കേയായിരുന്നു മന്ത്രിയുടെ പരാമർശം. ഇത് വൻതോതിലുള്ള ജനരോഷത്തിലേക്കു നയിച്ചു. ഞായറാഴ്ച നടന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സെമിനാറിൽ വച്ചായിരുന്നു സംഭവം.
ജൂലൈയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കു തലവേദനയായിരിക്കുകയാണു സംഭവം. രാജി സമർപ്പിച്ചതിനു ശേഷം, ടാക്കു എറ്റോ മാധ്യമങ്ങൾക്കു മുന്പിൽ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
2023ലെ കനത്ത ചൂടു മൂലം വിളവെടുപ്പ് മോശമായതും വളത്തിന്റെ വിലവർധനവും മൊത്തത്തിലുള്ള ഉത്പാദനച്ചെലവുമെല്ലാം അരിയുടെ ദൗർലഭ്യത്തിനു കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ക്ഷാമമുണ്ടാകുമെന്ന കണക്കുകൂട്ടലിൽ വ്യാപാരികൾ അരി പൂഴ്ത്തിവയ്ക്കുന്നതായും പറയപ്പെടുന്നു.