പാക്കിസ്ഥാനിൽ സ്കൂൾ ബസിനു നേർക്ക് ചാവേർ ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു
Thursday, May 22, 2025 12:01 AM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്കൂൾ ബസിനു നേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. ഖുസ്ദാർ ജില്ലയിലായിരുന്നു ആക്രമണം.
38 പേർക്കു പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ആക്രമണത്തെ അപലപിച്ചു.
ഇന്ത്യയുമായി ബന്ധമുള്ള ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ കരസേന ആരോപിച്ചു. പാക്കിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.