ഖത്തർ ട്രംപിനു സമ്മാനിച്ച വിമാനം പ്രതിരോധ വകുപ്പ് സ്വീകരിച്ചു
Friday, May 23, 2025 12:41 AM IST
വാഷിംഗ്ടൺ ഡിസി: ഖത്തർ രാജകുടുംബം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വാഗ്ദാനം ചെയ്തിരുന്ന ബോയിംഗ് 747 വിമാനം കൈമാറി. വിവാദങ്ങൾ മറികടക്കാനായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് വിമാനം സ്വീകരിച്ചത്.
40 കോടി ഡോളർ വില വരുന്ന വിമാനം ട്രംപ് സമ്മാനമായി സ്വീകരിക്കുന്നതിൽ പ്രതിപക്ഷ ഡെമോക്രാറ്റുകളും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചിലരും വിമർശനമുന്നയിച്ചിരുന്നു. ഭരണഘടന അനുശാസിക്കുന്ന പ്രകാരം, കോൺഗ്രസിന്റെ അനുമതിയില്ലാതെയാണു ട്രംപ് സമ്മാനം സ്വീകരിക്കുന്നതെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിരോധ വകുപ്പ് സമ്മാനം സ്വീകരിച്ച പശ്ചാത്തലത്തിൽ നിയമലംഘനം ഉണ്ടായിട്ടില്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
ഖത്തർ നല്കിയ വിമാനം യുഎസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ ആയി മാറ്റാനാണു തീരുമാനം. അതീവസുരക്ഷാ സംവിധാനങ്ങൾ വിമാനത്തിൽ ഘടിപ്പിക്കേണ്ടതുണ്ട്. ഇതിനു വർഷങ്ങളെടുക്കുമെന്നും നൂറു കോടി ഡോളർ ചെലവാകുമെന്നും പറയുന്നു.
നിലവിൽ നാല്പതു വർഷത്തിനടുത്തു പഴക്കമുള്ള ബോയിംഗ് 747-200 ഇനത്തിൽപ്പെട്ട രണ്ടു വിമാനങ്ങളാണ് എയർഫോഴ്സ് വൺ ആയി ഉപയോഗിക്കുന്നത്.