പ്രതിനിധിസംഘങ്ങൾ യുഎഇയിലും ജപ്പാനിലും സുപ്രധാന കൂടിക്കാഴ്ചകൾ നടത്തി
Friday, May 23, 2025 1:28 AM IST
അബുദാബി/ടോക്കിയോ: ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇന്ത്യയുടെ ഉന്നത നയതന്ത്ര ദൗത്യത്തിനായി പുറപ്പെട്ട പ്രതിനിധിസംഘങ്ങൾ യുഎഇയിലും ജപ്പാനിലുമെത്തി.
യുഎഇയിലേക്കുള്ള സംഘത്തെ നയിക്കുന്നത് ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയും ജപ്പാൻ സംഘത്തിന്റെ തലവൻ ജെഡിയു എംപി സഞ്ജയ് ഝായുമാണ്.
മന്ത്രിമാർ, പ്രധാന വ്യക്തികൾ, തിങ്ക് ടാങ്ക് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംഘത്തെ സ്വീകരിക്കുന്ന ആദ്യരാജ്യം യുഎഇ ആണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഗാഢ സൗഹൃദമാണിത് കാണിക്കുന്നതെന്നും യുഎഇയിലെ ഇന്ത്യൻ എംബസി പറഞ്ഞു.
ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഏതൊരു രൂപത്തിലുള്ള ഭീകരവാദത്തെയും ചെറുക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കപ്പെട്ടുവെന്നും എംബസി കൂട്ടിച്ചേർത്തു.
ജപ്പാനിലേക്കുള്ള സംഘം വിദേശകാര്യ മന്ത്രി തകേഷി ഇവായയുമായി കൂടിക്കാഴ്ച നടത്തി ഭീകരവാദത്തെ ചെറുക്കാനുള്ള ദൃഢനിശ്ചയം ആവർത്തിച്ചു സ്ഥിരീകരിച്ചു. മുൻ ജപ്പാൻ പ്രധാന മന്ത്രി യോഷിഹിദെ സുഗയെയുമായും നേതാക്കൾ സംസാരിച്ചു.