വിദേശ നയതന്ത്ര സംഘത്തിനു സമീപം വെടിയുതിർത്ത് ഇസ്രേലി ഭടന്മാർ
Friday, May 23, 2025 12:41 AM IST
രമള്ള: വെസ്റ്റ് ബാങ്ക് സന്ദർശിച്ച വിദേശ നയതന്ത്ര പ്രതിനിധി സംഘത്തിനു സമീപം ഇസ്രേലി സുരക്ഷാ ഭടന്മാർ മുന്നറിയിപ്പു വെടി ഉതിർത്ത സംഭവത്തിൽ പ്രതിഷേധം.
അനുമതിയില്ലാത്ത മേഖലകളിലേക്കു കടക്കാൻ ശ്രമിച്ച സംഘത്തെ പിന്തിരിപ്പിക്കാനാണു വെടിയുതിർത്തതെന്ന് ഇസ്രയേൽ വിശദീകരിച്ചു.
ബ്രിട്ടൻ, അയർലൻഡ്, ഫ്രാൻസ്, സ്പെയിൻ, തുർക്കി, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ സംഘത്തിലുണ്ടായിരുന്നുവെന്നാണു റിപ്പോർട്ട്.
ജനിൻ നഗരത്തിൽവച്ചാണ് ഇവരുടെ സമീപമുണ്ടായിരുന്ന സുരക്ഷാ ഭടന്മാർ വെടിയുതിർത്തത്. സംഘത്തിനുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി ഇസ്രയേൽ പറഞ്ഞു.
ഇസ്രേലി സേനയുടെ ഓപ്പറേഷനുകളിലുണ്ടായ നാശം വിലയിരുത്താനാണു സംഘം എത്തിയതെന്ന് പലസ്തീൻ അഥോറിറ്റി പറഞ്ഞു. സംഭവത്തിൽ ഇസ്രേലി നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്നു വിവിധ രാജ്യങ്ങൾ പറഞ്ഞു.