സിസ്റ്റർ ടിസിയാന മെർലെത്തി സമർപ്പിത ജീവിതക്കാർക്കായുള്ള വത്തിക്കാൻ കാര്യാലയം സെക്രട്ടറി
Friday, May 23, 2025 12:41 AM IST
വത്തിക്കാൻ സിറ്റി: സമർപ്പിത ജീവിതക്കാർക്കും അപ്പസ്തോലിക ജീവിതക്കാരുടെ സമൂഹങ്ങൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി സിസ്റ്റർ ടിസിയാന മെർലെത്തിയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസഭയുടെ മുൻ സുപ്പീരിയർ ജനറലാണ് സിസ്റ്റർ ടിസിയാന. ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ കൂരിയയിൽ നടത്തിയ ആദ്യ നിയമനമാണിത്.
ഈ കാര്യാലയത്തിന്റെ പ്രഥമ വനിതാ അധ്യക്ഷയായി നിയമിക്കപ്പെട്ട സിസ്റ്റർ സിമോണ ബ്രംബില്ലയുടെ കീഴിലായിരിക്കും സിസ്റ്റർ ടിസിയാന സേവനമനുഷ്ഠിക്കുക. ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനപ്രകാരം 2025 ജനുവരിയിൽ സമർപ്പിത ജീവിതക്കാർക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടായി നിയമിക്കപ്പെടുന്നതുവരെ സിസ്റ്റർ ബ്രംബില്ല നിർവഹിച്ചിരുന്ന ചുമതലയിലേക്കാണ് ലെയോ മാർപാപ്പ സിസ്റ്റർ ടിസിയാനയെ നിയമിച്ചത്.
2004 മുതൽ 2013 വരെ സഭയുടെ കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ച സിസ്റ്റർ ടിസിയാന റോമിലെ അന്തോണിയാനം യൂണിവേഴ്സിറ്റിയിൽ പ്രഫസറായും സുപ്പീരിയർ ജനറൽമാരുടെ അന്താരാഷ്ട്ര സംഘത്തിൽ കാനോനികവിദഗ്ധ എന്നനിലയിലും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
കർദിനാൾ ആംഹെൽ ഫെർണാണ്ടസ് അർതീമെയാണ് സമർപ്പിതജീവിതക്കാർക്കും അപ്പസ്തോലികജീവിതക്കാരുടെ സമൂഹങ്ങൾക്കുമായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ട്.