ഗാസയിൽ മൂന്നു ദിവസമായി ഹമാസ് വിരുദ്ധ പ്രക്ഷോഭം
Friday, May 23, 2025 12:41 AM IST
കയ്റോ: ഗാസ ജനത തുടർച്ചയായ മൂന്നാം ദിവസവും ഹമാസ് വിരുദ്ധ പ്രക്ഷോഭം നടത്തിയതായി ബിബിസി ഇന്നലെ റിപ്പോർട്ട് ചെയ്തു. ‘ഹമാസ് പുറത്തു പോകണം’ എന്നാവശ്യപ്പെട്ട് നൂറുകണക്കിനു പേർ പ്രകടനം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
തിങ്കളാഴ്ച ഒരുകൂട്ടം യുവാക്കളാണു പ്രക്ഷോഭത്തിനു തുടക്കമിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രേലി ഉപരോധം മൂലം കടുത്ത ക്ഷാമത്തിന്റെ വക്കിലെത്തിയ ഗാസ ജനത ഭക്ഷണപാത്രങ്ങളുമായിട്ടാണു പ്രകടനം നടത്തുന്നത്.
അതേസമയം, ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വരാതിരിക്കാനുള്ള നീക്കങ്ങൾ ഹമാസ് നടത്തുന്നുണ്ട്. സമരവാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന ഹമാസിന്റെ ഭീഷണി പലസ്തീൻ മാധ്യമപ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായി പറയുന്നു.
ഇസ്രേലി സേനയുടെ നിരന്തരമായ ആക്രമണങ്ങൾക്കുപുറമേ ഭക്ഷ്യക്ഷാമംകൂടി നേരിടേണ്ടിവന്നതോടെ ജനങ്ങൾക്കു ഹമാസിനോടു മതിപ്പും ഭയവും ഇല്ലാതായെന്നു പേരു വെളിപ്പെടുത്താത്ത ഗാസ സ്വദേശി പറഞ്ഞതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധങ്ങൾ പലതും നടക്കുന്നതു വടക്കൻ ഗാസയിലാണ്. തെക്കൻ ഗാസയിൽ ഹമാസിന്റെ സാന്നിധ്യം ഇപ്പോഴും ശക്തമാണ്. ഹമാസിനെതിരേ ശബ്ദിക്കുന്നതു ജീവൻ പോകുന്നതിനു തുല്യമാണെന്നും പറയുന്നു.
മാർച്ച് 22ന് ഗാസ സിറ്റിയിൽ നടന്ന ഹമാസ് വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്ത ചിലരെ കൊലപ്പെടുത്തുകയോ തട്ടിക്കൊണ്ടുപോകുകയോ മർദിക്കുകയോ ചെയ്തതായി റിപ്പോർട്ടുണ്ട്.