വാഷിംഗ്ടൺ ഡിസിയിൽ വെടിവയ്പ്; ഇസ്രേലി എംബസി ജീവനക്കാർ കൊല്ലപ്പെട്ടു
Friday, May 23, 2025 12:41 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലുണ്ടായ വെടിവയ്പിൽ വിവാഹനിശ്ചയത്തിന് തയാറെടുത്തിരുന്ന ഇസ്രേലി എംബസി ജീവനക്കാർ കൊല്ലപ്പെട്ടു.
വാഷിംഗ്ടൺ ഡിസിയിലെ ജൂവിഷ് മ്യൂസിയത്തിനു മുന്നിൽ നടന്ന ആക്രമണത്തിൽ യാരോൺ ലിസ്ചിൻസ്കി, സാറ ലിൻ എന്നിവരാണ് മരിച്ചത്. ഷിക്കാഗോ സ്വദേശിയായ ഏലിയാസ് റോഡ്രിഗസ് (30) ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുശേഷം അക്രമി “ഫ്രീ പലസ്തീൻ” എന്നു മുദ്രാവാക്യം മുഴക്കി.
മ്യൂസിയത്തിലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നാലംഗ സംഘത്തിനു നേർക്കാണ് അക്രമി വെടിയുതിർത്തത്. എഫ്ബിഐയുടെ ഓഫീസും സർക്കാർ ഓഫീസുകളും മ്യൂസിയങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയിലുണ്ടായ ആക്രമണം യുഎസ് സുരക്ഷാ വൃത്തങ്ങളെ ഞെട്ടിച്ചു. അക്രമിയെക്കുറിച്ച് മുന്നറിവില്ലെന്ന് പോലീസ് പറഞ്ഞു.
യഹൂദവിരുദ്ധത കാരണമാണ് ആക്രമണം നടന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ലോകമെന്പാടുമുള്ള ഇസ്രേലി എംബസികളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.