മാർപാപ്പ വളർന്ന വീട് ചരിത്രസ്മാരകമാക്കുന്നു
Friday, May 23, 2025 12:41 AM IST
ഷിക്കാഗോ: ലെയോ പതിനാലാമൻ മാർപാപ്പ കുട്ടിക്കാലം ചെലവഴിച്ച ഷിക്കാഗോ നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഡോൾട്ടൻ ഗ്രാമത്തിലെ വീട് ഏറ്റെടുത്ത് ചരിത്രസ്മാരകമാക്കാൻ തീരുമാനം.
ഗ്രാമത്തിന്റെ ഭരണനേതൃത്വം ഇതുസംബന്ധിച്ച തീരുമാനം വീടിന്റെ നിലവിലെ ഉടമ പാവെൽ റാഡ്സിക്കിനെയും വീടിന്റെ ലിസ്റ്റിംഗ് ബ്രോക്കറായ സ്റ്റീവ് ബുഡ്സിക്കിനെയും അറിയിച്ചുകഴിഞ്ഞു. ഗ്രാമ അധികൃതർക്ക് വീട് കൈമാറുന്നതിൽ എതിർപ്പില്ലെന്നും ഏതുസമയവും കരാറിൽ ഒപ്പിടാൻ തയാറാണെന്നും ഇരുവരും വ്യക്തമാക്കിയിട്ടുമുണ്ട്.
വീട് ഏറ്റെടുക്കാൻ ഷിക്കാഗോ അതിരൂപതയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു മുറികളും 1050 ചതുരശ്ര അടി വിസ്തീർണവുമുള്ള ഈ കൊച്ചുവീട് രണ്ടാഴ്ചയായി സഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറിക്കഴിഞ്ഞു.
ലെയോ പതിനാലാമൻ മാർപാപ്പയും രണ്ടു സഹോദരങ്ങളും വളർന്ന ഈ വീട് 1996ലാണ് വിറ്റത്. തുടർന്ന് മൂന്നുതവണ ഇതു കൈമാറുകയുണ്ടായി. നിലവിലെ ഉടമയായ പാവെൽ റാഡ്സിക് കഴിഞ്ഞ വർഷം ജനുവരിയിൽ വീട് നവീകരിച്ച് ഇക്കഴിഞ്ഞ അഞ്ചിന് 219000 ഡോളർ വില നിശ്ചയിച്ച് വില്പനയ്ക്കു വച്ചിരുന്നു.
എന്നാൽ, വീട്ടിൽ വളർന്ന റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതോടെ തത്കാലം വില്പന വേണ്ടെന്നുവയ്ക്കുകയും വില ഇരട്ടിയാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
മാർപാപ്പയുടെ വീട് വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറിയതോടെ തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും സ്ഥലത്തിനുമെല്ലാം വില ഇരട്ടിയായി. പ്രദേശത്തെ ടൂറിസം സാധ്യത മുന്നിൽക്കണ്ട് വികസനപദ്ധതികൾ നടപ്പാക്കാൻ ഗ്രാമ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.