ഡെന്മാർക്കിൽ വിരമിക്കൽ പ്രായം 70 ആക്കും
Saturday, May 24, 2025 1:14 AM IST
കോപ്പൻഹേഗൻ: ഡെന്മാർക്കിലെ വിരമിക്കൽ പ്രായം 2040ൽ 70 ആയി ഉയർത്തും. ഇതിനുള്ള ബിൽ വ്യാഴാഴ്ച പാർലമെന്റ് പാസാക്കി. യൂറോപ്പിലെ ഏറ്റവും ഉയർന്ന വിരമിക്കൽപ്രായം ആയിരിക്കുമിത്.
ശരാശരി ആയുർദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു വർഷം കൂടുന്പോൾ വിരമിക്കൽ പ്രായം പുതുക്കുന്ന രീതിയാണു ഡെന്മാർക്കിലുള്ളത്. നിലവിൽ 67 വയസാണ്. 2030ൽ 68ഉം 2035ൽ 69ഉം ആയി ഉയരും.
വിരമിക്കൽപ്രായം ഉയർത്തുന്നതിൽ തൊഴിലാളി യൂണിയനുകൾക്കും ജനങ്ങളിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്. അന്തസാർന്ന വാർധക്യ ജീവിതം ജനങ്ങൾക്കു നിഷേധിക്കുകയാണെന്നു യൂണിയനുകൾ ആരോപിച്ചു.