സഹായവസ്തുക്കളുമായി നൂറിലധികം ലോറികൾ ഗാസയിലെത്തി
Saturday, May 24, 2025 1:14 AM IST
കയ്റോ: ഭക്ഷണവും മരുന്നും കയറ്റിയ 107 ലോറികൾ വ്യാഴാഴ്ച ഗാസയിലേക്കു കടത്തിവിട്ടതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു. 11 ആഴ്ചത്തെ ഇസ്രേലി ഉപരോധത്തിനുശേഷം ഏതാണ്ട് 130 ലോറി സഹായവസ്തുക്കളാണു ഗാസയിലെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസ ജനതയുടെ ആവശ്യങ്ങൾ പരിഗണിക്കുന്പോൾ സമുദ്രത്തിൽ ഒരു തുള്ളിക്കു സമമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. യുദ്ധത്തിനു മുന്പ് 500 ലോറി സാധനങ്ങളാണു ഗാസയിലെത്തിയിരുന്നത്. ഇപ്പോൾ ദിവസം 600 ലോറി വസ്തുക്കളെങ്കിലും വേണ്ടിവരും.
ഇസ്രയേലിന്റെ നടപടി വളരെ വൈകിപ്പോയെന്നും അനുവദിച്ച സഹായം വളരെ പരിമിതമാണെന്നും ജർമൻ സർക്കാർ വക്താവ് സെബാസ്റ്റ്യൻ ഹില്ലെ പറഞ്ഞു.
ഈയാഴ്ച പട്ടിണി മൂലം 29 പേർ മരിച്ചതായി ഗാസയിലെ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഗാസയിൽ ഭക്ഷ്യക്ഷാമം ഇല്ലെന്ന് ഇസ്രേലി വൃത്തങ്ങൾ പ്രതികരിച്ചു.
സഹായലോറികളിൽ 15 എണ്ണം തെക്കൻ ഗാസയിൽ കൊള്ളയടിക്കപ്പെട്ടതായി ലോകഭക്ഷ്യപദ്ധതി അറിയിച്ചു.
ഇതിനിടെ, ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞദിവസം 60 പേർ കൊല്ലപ്പെടുകയും 185 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചു.