സ്റ്റൈലിഷ് ലുക്കിൽ അൾട്രോസ്
Friday, May 23, 2025 11:58 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ വാഹനമായ അൾട്രോസിന്റെ ഫേസ് ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. ആദ്യ മോഡൽ ഇറങ്ങി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ടാറ്റ ആൾട്രോസിന്റെ മുഖം മിനുക്കുന്നത്. സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, ഫീച്ചറുകളിലും ഇന്റീരിയറിലും മാറ്റം വരുത്തിയാണ് ആൾട്രോസ് വിപണിയിലെത്തിയിരിക്കുന്നത്.
സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അകംപ്ലിഷ്ഡ് എസ്, അകംപ്ലിഷ്ഡ് പ്ലസ് എസ് എന്നീ മോഡലുകളിലാണ് പുത്തൻ ആൾട്രോസ് എത്തുന്നത്. ജൂണ്‍ രണ്ടു മുതൽ ബുക്കിംഗ് ആരംഭിക്കുന്ന വാഹനത്തിന് 6.89 ലക്ഷം മുതൽ 11.49 വരെയാണ് എക്സ് ഷോറൂം വില. ഡ്യൂണ്‍ ഗ്ലോ, എംബർ ഗ്ലോ, പ്യുവർ ഗ്രേ, റോയൽ ബ്ലൂ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് പുതിയ അൾട്രോസിന്റെ ഫേസ്ലിഫ്റ്റ് എത്തിയിരിക്കുന്നത്.
ലുക്ക്
അൾട്രോസിന്റെ ഫേസ്ലിഫ്റ്റിന്റെ മുൻ ഭാഗത്ത് തന്നെ കാര്യമായ മാറ്റങ്ങൾ കന്പനി വരുത്തിയിട്ടുണ്ട്. ഹെഡ്ലാന്പ് യൂണിറ്റിൽ സ്ലീക്കർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ പുതിയ ഫീച്ചറായി നൽകിയിട്ടുണ്ട്. വാഹനത്തിലെ പുതിയ 3ഡി ഗ്രില്ല്, എൽഇഡി ഹെഡ്ലാന്പ് എന്നിവ നെക്സോണ്‍, കർവ്, ഹാരിയർ, സഫാരി എന്നീ മോഡലുകളിലുള്ള ഡിസൈൻ തന്നെയാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്തെ റാപ്റൗണ്ട് ടെയിൽ ലാംപുകൾ കണക്റ്റഡ് എൽഇഡി ലൈറ്റിലേക്ക് മാറിയിട്ടുണ്ട്. വാഹനത്തിന്റെ ഏറോഡൈനാമിക്സിലും വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്. കാര്യക്ഷമത കൂട്ടാനായി ഫ്രണ്ട്, റിയർ ബന്പറുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, സ്റ്റാൻഡേർഡ് 16 ഇഞ്ച് 2 ടോണ്‍ അലോയ് വീലുകൾ എന്നിവയും പ്രധാന മാറ്റങ്ങളാണ്.
ഉള്ളിൽ
അൾട്രോസിന്റെ ഫേസ്ലിഫ്റ്റിന്റെ ഇന്റീരിയറിലെ ഹൈലൈറ്റ് അതിന്റെ ഡാഷ്ബോർഡ് ലേഒൗട്ട് തന്നെയാണ്. നെക്സോണ്‍, കർവ് എന്നീ കാറുകളുടേതിന് സമാനമായ ലേഒൗട്ടാണ് കന്പനി നൽകിയിരിക്കുന്നത്. സോഫ്റ്റ് ടച്ച് മെറ്റീരിയലുകളാണ് ഡാഷ്ബോർഡിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഡ്യുവൽ ടോണ്‍ ക്യാബിനുമാണുള്ളത്.
എയർപോർട്ട് ലോഞ്ച് സീറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സീറ്റുകളുടെ രൂപകൽപ്പന. ഹാർമന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്ന ഇരട്ട 10.25 ഇഞ്ച് ഡിജിറ്റൽ കോക്ക്പിറ്റ് വാഗ്ദാനം ചെയ്യുന്ന ആദ്യ മോഡലാണ് അൾട്രോസ്. 2 സ്പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോണ്‍ ചാർജർ, നാല് ഫാസ്റ്റ് ചാർജിംഗ് 65 വാട്ട് ടൈപ്പ് സി പോർട്ടുകൾ, നാല് തരം വോയ്സ് കമാൻഡ് ഫംഗ്ഷനുകൾ, ഇൻ ബിൽറ്റ് നാവിഗേഷൻ സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, എക്സ്പ്രസ് കൂളിംഗ്, എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ, ഇലക്ട്രിക് സണ്‍റൂഫ്, റെയിൻ സെൻസിങ്ങ് വൈപ്പറുകൾ എന്നിങ്ങനെ നീളുന്നു ഫീച്ചറുകൾ.
സുരക്ഷയ്ക്കായി വാഹനത്തിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി) ഉള്ള ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ഇഎസ് സി), റിയർ പാർക്കിംഗ് സെൻസർ, 360 ഡിഗ്രി കാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും നൽകിയിട്ടുണ്ട്.
പവർ
1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ സിഎൻജി, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ പുതിയ അൾട്രോസിന്റെ ഫേസ്ലിഫ്റ്റ് ലഭ്യമാണ്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി, 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും അൾട്രോസിനുണ്ട്.
ഡീസൽ അൾട്രോസിന്റെ ഫേസ്ലിഫ്റ്റിന് 12.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് ടാറ്റ അവകാശപ്പെടുന്നു. സിഎൻജിയിൽ എൻഎ പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്.
ഏകദേശം 72 ബിഎച്ച്പി പവറും 103 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ വേരിയന്റിനെപ്പോലെ സിഎൻജി പതിപ്പിനും 5 സ്പീഡ് ഗിയർബോക്സ് മാത്രമേ ലഭിക്കൂ. ഹ്യുണ്ടായി ഐ20, ടൊയോട്ട ഗ്ലാൻസ, മാരുതി ബലേനോ എന്നിവരാണ് അൾട്രോസിന്റെ ഫേസ്ലിഫ്റ്റിന്റെ എതിരാളികൾ.
വില- 6.89-11.29 ലക്ഷം
മൈലേജ്- 19.33-26.2 കിലോമീറ്റർ