വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ നിക്ഷേപ പദ്ധതികളുമായി കോർപറേറ്റ് ഭീമന്മാർ
Saturday, May 24, 2025 1:14 AM IST
ന്യൂഡൽഹി: രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് കോർപറേറ്റ് കന്പനികൾ.
മേഖലയിലെ നിക്ഷേപസാധ്യതകൾ തിരിച്ചറിഞ്ഞ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, വേദാന്ത ഗ്രൂപ്പ് തുടങ്ങിയ കന്പനികളാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വന്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചത്.
വടക്കുകിഴക്കൻ മേഖലയിൽ അടുത്ത അഞ്ചു വർഷത്തേക്ക് 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചപ്പോൾ അടുത്ത പത്തു വർഷത്തേക്ക് 50,000 കോടി രൂപയാണ് അദാനി പ്രഖ്യാപിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 80,000 കോടി രൂപയുടെ നിക്ഷേപമാണ് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ പ്രഖ്യാപിച്ചത്.
"റൈസിംഗ് നോർത്ത് ഈസ്റ്റ് ഇൻവെസ്റ്റേഴ്സ് ഉച്ചകോടി'യിലായിരുന്നു മേഖലയുടെ വാണിജ്യഭൂപടം മാറ്റുന്ന ഭീമൻ പ്രഖ്യാപനങ്ങളുണ്ടായത്. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.