പാക് സ്പോണ്‍സേഡ് തീവ്രവാദം ഇന്ത്യ തുറന്നുകാട്ടി: അമിത് ഷാ
Saturday, May 24, 2025 1:14 AM IST
ന്യൂഡൽഹി: ഇന്ത്യൻ മണ്ണിലെ പാക് സ്പോണ്‍സേഡ് തീവ്രവാദം "ഓപ്പറേഷൻ സിന്ദൂറി’ലൂടെ ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യ തുറന്നുകാട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ പാക്കിസ്ഥാനിലെ തീവ്രവാദകേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചത്. എന്നാൽ ഇന്ത്യയിലെ സാധാരണക്കാരെ ആക്രമിക്കാൻ പാക് സൈന്യം ശ്രമിച്ചെന്നും ഇന്ത്യൻ സേന അത് പൂർണമായും തകർത്തതായും അമിത് ഷാ വ്യക്തമാക്കി.
അതിർത്തി സുരക്ഷാസേനയുടെ (ബിഎസ്എഫ്) ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത്ഷാ. പാക്കിസ്ഥാൻ ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യംവയ്ക്കാൻ ധൈര്യം കാണിച്ചു. എന്നാൽ, ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കുമുന്നിൽ വിജയിക്കാൻ അവർക്കു കഴിഞ്ഞില്ല.
ഇന്ത്യയിലെ ജനങ്ങളെ ലക്ഷ്യംവച്ചതിന്റെ മറുപടിയായി നമ്മൾ അവരുടെ പല വ്യോമത്താവളങ്ങളും തകർത്തു. ഉറിയിൽ നമ്മുടെ സൈനികർക്കുനേരേ ആക്രമണം നടന്നു. പകരം, സർജിക്കൽ സ്ട്രൈക്കിലൂടെ പാക്കിസ്ഥാനെതിരേ തിരിച്ചടിച്ചു.
പുൽവാമ ആക്രമണത്തിനു മറുപടിയായി നമ്മൾ പാക്കിസ്ഥാനിൽ വ്യോമാക്രമണം നടത്തി. പഹൽഗാമിൽ പാവപ്പെട്ട വിനോദസഞ്ചാരികൾക്കുനേരേ മതം ചോദിച്ചു നടത്തിയ ആക്രമണത്തിന് മറുപടിയായി "ഓപ്പറേഷൻ സിന്ദൂർ'നടപ്പിലാക്കി-അമിത് ഷാ പറഞ്ഞു.