മണിപ്പുർ കലാപം: കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക എൻഐഎ കോടതി
Saturday, May 24, 2025 6:25 AM IST
ന്യൂഡൽഹി: മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക എൻഐഎ കോടതി സ്ഥാപിച്ച് വിജ്ഞാപനമായി.
ചുരാചന്ദ്പുരിലെ സെഷൻസ് കോടതിയെയാണ് എൻഐഎ കോടതിയായി മാറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയത്. 2008ലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമത്തിലെ സെക്ഷൻ 11 പ്രകാരമാണു നടപടി.
ജില്ലാ കോടതി ജഡ്ജിയായിരിക്കും കേസുകളിൽ വാദം കേൾക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ അന്വേഷിക്കുന്ന കേസുകൾ പ്രത്യേക കോടതിയുടെ പരിധിയിൽ വരും.
2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടർന്ന് പ്രധാനപ്പെട്ട മൂന്ന് കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്. ജിരിബാമിൽ ആറു സ്ത്രീകളെയും കുട്ടികളെയും കൊന്നത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മണിപ്പുരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 2024 നവംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറുന്നത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ കലാപവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കലാപവുമായി ബന്ധപ്പെട്ട കേസിൽ ഇംഫാൽ സ്വദേശി രാജ്കുമാർ മൈപാക്സനയെ (21) അടുത്തിടെ എൻഐഎ തലശേരിയിൽനിന്ന് പിടികൂടിയിരുന്നു. തലശേരിയിൽ ഹോട്ടലിൽ ജോലിചെയ്യുകയായിരുന്നു ഇയാൾ.
കലാപവുമായി ബന്ധപ്പെട്ട് 27 കേസുകൾ കൈകാര്യം ചെയ്യുന്നത് സിബിഐയാണ്. ഈ കേസുകളുടെ വിചാരണ ഗോഹട്ടി ഹൈക്കോടതി പരിഗണിക്കണമെന്ന് മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചിരുന്നു. രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയതടക്കമുള്ള ലൈംഗികാതിക്രമ കേസുകൾ ഇതിൽ ഉൾപ്പെടുന്നു.
ലൈംഗികപീഡനം, ബലാത്സംഗം, കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 20 കേസുകളും ആയുധങ്ങൾ കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ട മറ്റു കേസുകളുമാണ് ഗോഹട്ടി ഹൈക്കോടതി പരിഗണിക്കുക. വിചാരണയ്ക്ക് നിഷ്പക്ഷ സ്വഭാവം നിലനിർത്താനാണ് വിചാരണ ഗോഹട്ടിയിലേക്കു മാറ്റിയതെന്നായിരുന്നു ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ വിശദീകരണം.
കലാപം പൊട്ടിപ്പുറപ്പെടുന്പോൾ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിംഗ് കഴിഞ്ഞ ഫെബ്രുവരിയിൽ രാജിവച്ചതിനെത്തുടർന്ന് നിലവിൽ രാഷ്ട്രപതി ഭരണത്തിലാണു സംസ്ഥാനം.