2025 സീസണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് നാളെ മുതല്‍
Saturday, May 24, 2025 1:14 AM IST
പാരീസ്: വര്‍ഷത്തില്‍ ഒരുതവണ മാത്രം വിരുന്നെത്തുന്ന റോളങ് ഗാരോസ് ആഘോഷത്തിനു നാളെ തുടക്കം. സീസണിലെ ഏക കളിമണ്‍ കോര്‍ട്ട് ഗ്രാന്സ്ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണിന്റെ 2025 പതിപ്പിനു പാരീസ് ഒരുങ്ങിക്കഴിഞ്ഞു. ഫ്രഞ്ച് ഓപ്പണിന്റെ 124-ാം പതിപ്പാണിത്തവണത്തേത്.
മേയ് 25 മുതല്‍ ജൂണ്‍ എട്ടുവരെ നീളുന്ന, 2025ലെ രണ്ടാമത് മേജര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യദിനം പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ കാര്‍ലോസ് അല്‍കാരാസ്, റിക്കാര്‍ഡ് ഗ്രാന്സ്ലാം ജേതാവായ നൊവാക് ജോക്കോവിച്ച്, വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ ഇഗ ഷ്യാങ്ടെക്, ലോക ഒന്നാം നമ്പറായ അരീന സബലെങ്ക തുടങ്ങിയവര്‍ കോര്‍ട്ടിലിറങ്ങും.
ഉദ്ഘാടന ദിനത്തില്‍ കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് മുന്‍താരം റാഫേല്‍ നദാലിനെ ആദരിക്കും.
സിന്നറിന്റെ തിരിച്ചുവരവ്
ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍ മൂന്നു മാസത്തെ വിലക്ക് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മാസമാണിത്. മേയ് 10ന് ഇറ്റാലിയന്‍ ഓപ്പണിലൂടെ മത്സരവേദിയിലേക്കു തിരിച്ചെത്തിയ സിന്നര്‍, 2025 ഇറ്റാലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
2025 സീസണിലെ ആദ്യ ഗ്രാന്സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ യാനിക് സിന്നറിന്റെ ലക്ഷ്യം കന്നി ഫ്രഞ്ച് ഓപ്പണാണ്. കഴിഞ്ഞ വര്‍ഷം സെമിയില്‍ പ്രവേശിച്ചതാണ് ഫ്രഞ്ച് ഓപ്പണില്‍ സിന്നറിന്റെ മികച്ച പ്രകടനം. ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2024, 25) രണ്ടു തവണയും യുഎസ് ഓപ്പണ്‍ (2024) ഒരു തവണയും സ്വന്തമാക്കിയിട്ടുണ്ട്.
ഫ്രഞ്ച് ഓപ്പണില്‍ നിലവിലെ ചാമ്പ്യനായ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരാസാണ് യാനിക് സിന്നറിന്റെ ഏറ്റവും വലിയ എതിരാളി. ഇറ്റാലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സിന്നര്‍ പരാജയപ്പെട്ടതും അല്കാരാസിനു മുന്നില്‍. 14 ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയ റാഫേല്‍ നദാലിന്റെ പിന്‍ഗാമിയാകാനുള്ള ശ്രമത്തിലാണ് അല്‍കാരാസ്.
ജോക്കോ മുതല്‍ റൂഡ് വരെ
സിന്നര്‍, അല്‍കാരാസ് എന്നിവര്‍ക്കു വെല്ലുവിളിയാന്‍ റിക്കാര്‍ഡ് (24) ഗ്രാന്സ്ലാം ജേതാവായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് അടക്കം രംഗത്തുണ്ട്. ഇന്നലെ 38-ാം വയസ് പൂര്‍ത്തിയായ ജോക്കോവിച്ച് കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2024 പാരീസ് ഒളിമ്പിക്സിലാണ് ജോക്കോവിച്ചിന്റെ സമീപനാളിലെ ഏക കിരീടം/മെഡല്‍ നേട്ടം കണ്ടത്. 2023 യുഎസ് ഓപ്പണിനുശേഷം ജോക്കോയ്ക്ക് ഗ്രാന്സ്ലാം കിരീടത്തില്‍ മുത്തംവയ്ക്കാന്‍ സാധിച്ചിട്ടില്ല.
അലക്സാണ്ടര്‍ സ്വരേവ് (ജര്‍മനി), ടെയ്ലര് ഫ്രിറ്റ്സ് (അമേരിക്ക), ജാക് ഡ്രെപര് (ബ്രിട്ടന്), കാസ്പര്‍ റൂഡ് (നോര്‍വെ) എന്നിവരും കിരീടം മുന്നില്‍കണ്ടാണ് റോളങ് ഗാരോസില്‍ ഇറങ്ങുക.
സബലെങ്കയ്ക്കു വെല്ലുവിളിയേറെ
വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്. കളിമണ്‍ കോര്‍ട്ടിന്റെ രാജ്ഞിയെന്നാണ് ഇഗയുടെ വിശേഷണം. കഴിഞ്ഞ അഞ്ച് ഫ്രഞ്ച് ഓപ്പണില്‍ നാലിലും (2020, 22, 23, 24) ഇഗയായിരുന്നു ട്രോഫി സ്വന്തമാക്കിയത്. എന്നാല്‍, 2025 സീസണില്‍ ഇഗയുടെ ഫോം അത്ര മികച്ചതല്ല. നിലവില്‍ അഞ്ചാം റാങ്കിലാണ്.
ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്കയ്ക്ക് ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ അന്യമാണ്. 2023ല്‍ സെമിയില്‍ എത്തിയതാണ് ഫ്രഞ്ച് ഓപ്പണിലെ മികച്ച പ്രകടനം. അതേസമയം, ഇറ്റലിയുടെ ജാസ്മിന് പൗളിനി ചരിത്രം കുറിക്കാനുള്ള തയാറെടുപ്പിലാണ്.
ഇറ്റാലിയന്‍ ഓപ്പണ്‍ ജേതാവായാണ് പൗളിനി റോളങ് ഗാരോസില്‍ എത്തുന്നത്. അമേരിക്കയുടെ കൊക്കൊ ഗൗഫ്, റഷ്യയുടെ പതിനെട്ടുകാരി മിറ ആന്‍ഡ്രീവ തുടങ്ങിയവരും കളിമണ്‍ കോര്‍ട്ടിന്റെ 2025 രാജ്ഞിയാകാനുള്ള തയാറെടുപ്പിലാണ്.
എടിപി റാങ്ക്
1. യാനിക് സിന്നര്‍
2. കാര്‍ലോസ് അല്‍കാരാസ്
3. അലക്സാണ്ടര്‍ സ്വരേവ്
4. ടെയ്ലര് ഫ്രിറ്റ്സ്
5. ജാക് ഡ്രെപര്
ഡബ്ല്യുടിഎ റാങ്ക്
1. അരീന സബലെങ്ക
2. കൊക്കൊ ഗൗഫ്
3. ജെസീക്ക പെഗുല
4. ജാസ്മിന് പൗളിനി
5. ഇഗ ഷ്യാങ്ടെക്