ഇംഗ്ലണ്ട് ഡിക്ലയേര്‍ഡ്
Saturday, May 24, 2025 1:14 AM IST
നോട്ടിംഗ്ഹാം: സിംബാബ്വെയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് 565/6 എന്ന കൂറ്റന്‍ സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
ഓപ്പണര്‍മാരായ സാക് ക്രൗളി (124), ബെന്‍ ഡക്കറ്റ് (140) മൂന്നാം നമ്പര്‍ ബാറ്റര്‍ ഒല്ലി പോപ്പ് (171) എന്നിവര്‍ ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. ഹാരി ബ്രൂക്ക് (58), ജോ റൂട്ട് (34) എന്നിവരും സ്കോര്‍ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ 13,000 റണ്‍സ് ക്ലബ്ബിലും ജോ റൂട്ട് എത്തി. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത് താരമാണ് ജോ റൂട്ട്.
മറുപടിക്കിറങ്ങിയ സിംബാബ്വെ 40 ഓവര്‍ അവസാനിച്ചപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് എടുത്തു. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (104 പന്തില്‍ 111 നോട്ടൗട്ട്) അതിവേഗ ഇന്നിംഗ്സാണ് സന്ദര്‍ശകര്‍ക്കു കരുത്തേകിയത്.
ഇംഗ്ലണ്ടിനെതിരേ സിംബാബ്വെയ്ക്കുവേണ്ടി ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമനാണ് ബെന്നറ്റ്. ആന്‍ഡി ഫ്ളവര്‍ (1996), മുറെ ഗുഡ്വിന് (2000) എന്നിവരാണ് മുമ്പ് സെഞ്ചുറി നേടിയ സിംബാബ്വെ താരങ്ങള്‍. നീണ്ട 25 വര്‍ഷത്തിനു ശേഷമാണ് ഒരു സിംബാബ്വെക്കാരന് ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടുന്നതെന്നതും ശ്രദ്ധേയം.