രോ-കോ ഇല്ലാത്ത ടീം ഇന്ത്യ
Saturday, May 24, 2025 1:14 AM IST
പതിറ്റാണ്ടിനുശേഷം രോ-കോ സഖ്യമില്ലാതെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിക്കും.
ഒപ്പം പുതിയ ടെസ്റ്റ് ക്യാപ്റ്റനെയും. ഇന്ത്യൻ സീനിയർ താരങ്ങളും ടോപ്പ് ഓർഡർ ബാറ്റിംഗ് നട്ടെല്ലുമായ രോഹിത് ശർമയും വിരാട് കോഹ്ലിയും വിരമിച്ചതിനുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിനുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ തലമുറമാറ്റമാണ് ഇന്നാരംഭിക്കുക. രോ-കോ സഖ്യമില്ലാതെ പരന്പര സ്വന്തമാക്കുകയെന്ന വലിയ വെല്ലുവിളിയാണ് പുതിയ ക്യാപ്റ്റനു കീഴിൽ യുവനിരയ്ക്കുള്ളത്. 190 മത്സരത്തിലധികം പരിചയസന്പത്തുള്ള രോഹിത്-കോഹ്ലി സഖ്യത്തിന്റെ കുറവ് നികത്താൻ ഇന്ത്യൻ പുതുനിരയ്ക്കു വിയർക്കേണ്ടിവരും.
യശസി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവർ ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യ മൂന്നു സ്ഥാനത്ത് പ്രതീക്ഷിക്കാം. കോഹ്ലിയുടെ സ്ഥാനത്ത് ശ്രേയസ് അയ്യർ, രജത് പാടീദാർ, ദേവ്ദത്ത് പടിക്കൽ തുടങ്ങിവരിൽ ആരെങ്കിലും എത്തിയേക്കും.
ഐപിഎല്ലിൽ ശുഭ്മാൻ ഗില്ലിന്റെ ഓപ്പണിംഗ് പാർട്ണറായ സായ് സുദർശൻ അരങ്ങേറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മൂന്നാം നന്പറിലോ നാലിലോ സുദർശനെ പ്രതീക്ഷിക്കാം. ഋഷഭ് പന്ത് കൂടി ഉൾപ്പെടുന്ന ബാറ്റിംഗ് നിരയിൽ എങ്ങനെ പൊസിഷൻ ക്രമീകരിക്കുമെന്നത് തലവേദനയാണ്.
അതേസമയം, ബുംറ പിൻമാറിയ സാഹചര്യത്തിൽ ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവർക്കാണ് ക്യാപ്റ്റൻ സ്ഥാനത്തിന് മുൻഗണന. ഓസ്ട്രേലിയയ്ക്കെതിരായ പരന്പര 1-3ന് നഷ്ടമായതിനു പിന്നാലെ ഫോമില്ലായ്മയുടെ പേരിൽ വേട്ടയാടപ്പെടുകയും, ബിസിസഐയുടെ തലമുറമാറ്റമെന്ന സ്വപ്നവുമാണ് രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരെ വിരമിക്കലിലേക്ക് നയിച്ചത്.