സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആശ്വാസ ജയം
Saturday, May 24, 2025 1:14 AM IST
ലക്നോ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആശ്വാസ ജയം. പ്ലേ ഓഫ് ഉറപ്പിച്ച റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സണ്‍റൈസേഴ്സ് 42 റണ്‍സിനു കീഴടക്കി. 48 പന്തില്‍ അഞ്ച് സിക്സും ഏഴ് ഫോറും അടക്കം 94 റണ്‍സുമായി പുറത്താകാതെ നിന്ന ഇഷാന് കിഷന്റെ ബാറ്റിംഗ് സണ്‍റൈസേഴ്സിന് ജയമൊരുക്കി.
ഇരുന്നൂറില്‍ റിക്കാര്‍ഡ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തുടക്കം മികച്ചതായിരുന്നു. നാല് ഓവറില്‍ സ്കോര്‍ 54ല്‍ എത്തിയപ്പോഴാണ് സണ്‍റൈസേഴ്സിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. 17 പന്തില്‍ 34 റണ്‍സ് നേടിയ അഭിഷേക് ശര്‍മ ലുന്‍ഗി എന്‍ഗിഡിയുടെ പന്തില്‍ പുറത്ത്.
തൊട്ടുപിന്നാലെ 10 പന്തില്‍ 17 റണ്‍സ് നേടിയ ട്രാവിസ് ഹെഡും മടങ്ങി, 54 റണ്‍സില്‍ രണ്ടാം വിക്കറ്റ്. എന്നാല്‍, ഇഷാന് കിഷന്റെ കരുത്തില്‍ സണ്‍റൈസേഴ്സ് 200 കടന്നു. ഹെൻറിച്ച് ക്ലാസനും (24) അനികേത് വര്‍മയും (26) ഇഷാനൊപ്പം റണ്‍ വേട്ടയില്‍ പങ്കുചേര്‍ന്നു. 2025 സീസണ് ഐപിഎല്ലില്‍ 42-ാം തവണയാണ് ടീം സ്കോര്‍ 200 കടക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ 200+ സ്കോര്‍ പിറന്ന സീസണ് എന്ന റിക്കാര്‍ഡും 2025ന് ഇതോടെ സ്വന്തം.
സാള്‍ട്ട്, കോഹ്ലി
232 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഏഴ് ഓവറില്‍ 80 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍, ഓപ്പണര്‍മാരായ വിരാട് കോഹ്ലിയും (25 പന്തില്‍ 43) ഫില്‍ സാള്‍ട്ടും (32 പന്തില്‍ 62) പുറത്തായതോടെ ആര്‍സിബിയുടെ പോരാട്ടം വഴിതെറ്റി.
ക്യാപ്റ്റന്റെ ചുമതലയില്‍ എത്തിയ ജിതേഷ് ശര്‍മ (15 പന്തില്‍ 24) മാത്രമാണ് പിന്നീട് 20 കടന്നത്. ക്യാപ്റ്റനായുള്ള ജിതേഷിന്റെ ആദ്യ മത്സരം തോല്‍വിയില്‍ കലാശിച്ചു. ബംഗളൂരു രണ്ടിൽനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.