വീഴ്ച സമ്മതിച്ച് ദേശീയപാതാ അഥോറിറ്റി
Saturday, May 24, 2025 1:35 AM IST
കൊച്ചി: നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നതില്‍ വീഴ്ച സംഭവിച്ചതായി ദേശീയപാതാ അഥോറിറ്റി. മണ്ണിനടിയിലൂടെ വെള്ളം ഊര്‍ന്നിറങ്ങിയതാണ് തകർച്ചയ്ക്കുള്ള കാരണമായി പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്ന് അഥോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
കൂരിയാട് പാതയുടെ ഘടന മാറ്റേണ്ടിവരുമെന്നാണ് വിലയിരുത്തലെന്നും പറഞ്ഞു. തുടര്‍ന്ന് കാരണങ്ങള്‍ വിശദീകരിച്ച് വ്യാഴാഴ്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് എന്‍എച്ച്എഐയ്ക്ക് നിര്‍ദേശം നല്കി.
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ഹര്‍ജികള്‍ പരിഗണിക്കവേയാണു നടപടി. നിര്‍മാണത്തിലുള്ള പാത ഇടിഞ്ഞതിന്റെ വിശദമായ കാരണം പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് ദേശീയപാതാ അഥോറിറ്റി അപേക്ഷിച്ചു. തുടര്‍ന്നാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ദേശീയപാതാ വികസനത്തില്‍ ജനം ഏറെ പ്രതീക്ഷയര്പ്പിച്ചിരുന്നുവെന്ന് കോടതി പറഞ്ഞു.
യാത്രാദുരിതങ്ങള്‍ സഹിച്ച് അവര്‍ ക്ഷമയോടെ കാത്തിരുന്നു. ഇപ്പോള്‍ ഏവരും കടുത്ത ആശങ്കയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിന് എല്ലാ ശ്രമങ്ങളും നടക്കുകയാണെന്ന് അഥോറിറ്റി അറിയിച്ചു.
ഉന്നതതല വിദഗ്ദസമിതിയും രൂപീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. കരാര്‍ കമ്പനിയെ കരിന്പട്ടികയിൽപ്പെടുത്തുമെന്നും ദേശീയപാതാ അഥോറിറ്റി വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജികള്‍ ജൂലൈ ആദ്യവാരം പരിഗണിക്കാന്‍ മാറ്റി.