ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന്
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് വൈകുന്നേരം അഞ്ചിന് പ്രസിദ്ധീകരിക്കും.
പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login – SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം.
ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാം. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെയും ട്രയൽ അലോട്ടമെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാം. അപേക്ഷകർക്കുള്ള വിശദ നിർദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്.
28ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ 28ന് വൈകുന്നേരം അഞ്ചിനുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ടമെന്റ് റദ്ദാക്കപ്പെടും.
അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്. ഇതു സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെയും ഹെൽപ് ഡെസ്കുകളിലൂടെ തേടാം.