കേരളം സാന്പത്തിക പ്രതിസന്ധിയിലെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: കേരളം സാന്പത്തിക പ്രതിസന്ധിയിലെന്നും കടക്കെണിയിലാണെന്നുമുള്ള വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കടക്കെണിയിലാണെന്നും ഗുരുതര സാന്പത്തിക പ്രതിസന്ധിയിലാണെന്നുമാണെന്നും പെരുപ്പിച്ച കണക്കുകൾ ചിലർ പ്രചരിപ്പിക്കുന്നതിൽ വസ്തുതകളുടെ ഒരു കണികയുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി സംവദിക്കുന്ന തിരുവനന്തപുരം ജില്ലാതല യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം വളരെയേറെ കുറഞ്ഞതായാണ് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നത്.
മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഇത് ഉയർന്ന തോതിലാണ്. കേരളത്തിൽ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2022- 23ൽ 35.38 ശതമാനമായിരുന്നെങ്കിൽ 2023- 24ൽ ഇത് 34.2 ശതമാനമായി കുറഞ്ഞു. കേന്ദ്രത്തിൽ ഇത് 56 ശതമാനമാണ്. സംസ്ഥാനത്തെ ചിട്ടയായ ധനകാര്യ മാനേജ്മെന്റാണ് ഇതിനു പ്രധാന കാരണം.
2021- 25 കാലയളവിൽ കേരളത്തിന്റെ കടത്തിന്റെ വളർച്ച 9.8 ശതമാനമായിരുന്നെങ്കിൽ ആഭ്യന്തര ഉത്പാദനത്തിന്റെ 13.5 ശതമാനമായി ഉയർത്താനായി.
അതായത് കടത്തിന്റെ വളർച്ചയേക്കാൾ ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചയിൽ 1.38 മടങ്ങ് വർധിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഇതു കേരളം കടക്കെണിയിൽ അല്ലെന്നു വ്യക്തമാക്കും. എന്നിട്ടും ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ല.
നികുതി- നികുതിയേതര വരുമാനം ഉപയോഗിച്ചു റവന്യു ചെലവിന്റെ 62 ശതമാനം വരെ വഹിക്കാൻ ഇന്നു കേരളത്തിന് കഴിയുന്നുണ്ട്.
ഇതിനിടയിലാണ് കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് മോശമാണെന്ന പ്രചാരണം ചിലർ നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.