മൂന്നുവയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവം; അമ്മ പറഞ്ഞു; കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിടേക്ക്
Saturday, May 24, 2025 12:32 AM IST
നെടുമ്പാശേരി: മൂന്നുവയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയായ അമ്മയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ തെളിവെടുപ്പിനു മുന്നോടിയായി രാത്രിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് ചെങ്ങമനാട് സ്റ്റേഷനില്‍നിന്നു തെളിവെടുപ്പിനായി കൊണ്ടുപോയത്.
തെളിവെടുപ്പു വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ മൂഴിക്കുളം പാലത്തില്‍ തടിച്ചുകൂടി. വനിതാ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വന്‍ പോലീസ് സന്നാഹമുണ്ടായിട്ടും ജനക്കൂട്ടം തിങ്ങിനിറഞ്ഞതിനാല്‍ പ്രതിയെ സംഭവസ്ഥലത്തെത്തിക്കാനും വിശദമായ തെളിവെടുപ്പിനും ഏറെ ബുദ്ധിമുട്ടി. തുണികൊണ്ട് മുഖം മറച്ച് കണ്ണ് മാത്രം പുറത്തു കാണുന്ന വിധമാണ് പ്രതിയെ എത്തിച്ചത്.
പാറക്കടവ് പഞ്ചായത്തിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകേയുള്ള മൂഴിക്കുളം പാലത്തിന്റെ 40 മീറ്റര്‍ വടക്കു മാറി ആദ്യതൂണിന്റെ അടുത്തുനിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് പ്രതി പോലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തു.
പോലീസിന്റെ ചോദ്യങ്ങള്‍ക്ക് യാതൊരു ഭാവവ്യത്യാസമില്ലാതെയാണു സംഭവങ്ങള്‍ വിവരിച്ചത്. സോളാര്‍ പാനല്‍ സ്ഥാപിച്ച ലൈറ്റുകളും പാലത്തിനു താഴെയുള്ള സ്പാനുകളും കൃത്യം നടത്തുന്നതിനിടെ കണ്ടിരുന്നതായും പ്രതി സമ്മതിച്ചു. പത്തു മിനിറ്റോളമാണ് പാലത്തിനു മുകളില്‍ തെളിവെടുപ്പു നടത്തിയത്.
മൂഴിക്കുളത്ത് ബസ് ഇറങ്ങിയതുമുതല്‍ പാലത്തില്‍ നടന്നെത്തി കുഞ്ഞിനെ പുഴയില്‍ എറിയുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും പ്രതി വിവരിച്ചു. കൃത്യം ചെയ്തശേഷം രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിലാണു മടങ്ങിയതെന്നും വ്യക്തമാക്കി.
കുറുമശേരിയിലെ വീട്ടിലും മറ്റു ചിലയിടങ്ങളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തിന്റെ പ്രതിഷേധംമൂലം മൂഴിക്കുളം പാലത്തിലെ തെളിവെടുപ്പിനുശേഷം പ്രതിയെ നേരേ ചെങ്ങമനാട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇന്ന് കൂടുതല്‍ പ്രദേശങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.