ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
Friday, May 23, 2025 12:46 AM IST
മുക്കം: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകൻ അനൂസ് റോഷനെ(21) കൊണ്ടോട്ടിയില്‍ കണ്ടെത്തി.
കർണാടക രജിസ്ട്രേഷൻ കാറിൽ കൊണ്ടോട്ടിയിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് അനൂസ് റോഷൻ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. അനൂസ് റോഷനുമായി വന്ന കാർ ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.
കർണാടക സ്വദേശി അക്രം ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. മൈസുരുവിലാണ് അനൂസ് റോഷനെ തടവിൽ പാർപ്പിച്ചിരുന്നതെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയി അഞ്ചാംദിവസമാണ് അനൂസിനെ കണ്ടെത്തിയത്. മലപ്പുറത്താണ് അനൂസുള്ളതെന്ന് സൂചന പോലീസിന് ലഭിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കി അന്വേഷണം നടത്തിവരവേ അനൂസിനെ ഉപേക്ഷിച്ച് അവിടെനിന്ന് പ്രതികൾ കടന്നു കളയുകയായിരുന്നു. രണ്ടുപേരാണ് അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
അനൂസിന്റെ സഹോദരന് അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിലേക്കു നയിച്ചത്. അനൂസിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞതായും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.