വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു
Friday, May 23, 2025 1:28 AM IST
മലക്കപ്പാറ (തൃശൂർ): സംസ്ഥാന അതിർത്തിയായ വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. മലക്കപ്പാറ സ്വദേശി മേരി (67)യാണു മരിച്ചത്. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരൻ പോളിന്റെ അമ്മയാണു മേരി.
കേരള ചെക്ക്പോസ്റ്റിൽനിന്ന് 100 മീറ്റർ മാത്രം അകലെ തമിഴ്നാട് പരിധിയിൽ ഇന്നലെ പുലർച്ച ഒരുമണിയോടെയാണു സംഭവം. രാത്രി കാട്ടാനയുടെ ആക്രമണത്തിൽ ഷെഡ് പൊളിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയ മേരി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിനിരയായ മേരിയുടെ നിലവിളി കേട്ടെത്തിയ കൂടെയുണ്ടായിരുന്ന സ്ത്രീയും ആനയുടെ മുന്പിൽ അകപ്പെട്ടെങ്കിലും ഓടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയത്. തമിഴ്നാട് പോലീസും റവന്യു അധികൃതരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം വാൽപ്പാറ ആശുപത്രിയിലേക്കു മാറ്റി.
മലക്കപ്പാറയിലും അതിരപ്പിള്ളിയിലുമായി ഒരു മാസംമുന്പ് കാട്ടാന ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. മലക്കപ്പാറയിൽ വനത്തിനുള്ളിൽ കാട്ടുതേൻ ശേഖരിക്കാൻ പോയ അടിച്ചിൽതൊട്ടി ഉന്നതിയിലെ സെബാസ്റ്റ്യൻ, അതിരപ്പിള്ളി വഞ്ചിക്കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്ന വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണു മരിച്ചത്.