സഭാ സമിതികളുടെ അംഗീകാരത്തോടെ സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കണം: യാക്കോബായ സഭ
Friday, May 23, 2025 12:42 AM IST
പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ അസ്തിത്വവും അന്ത്യോഖ്യാ സിംഹാസനത്തോടുള്ള ബന്ധവും നിലനിര്‍ത്തി, നീതി നിഷേധിക്കപ്പെട്ട വിശ്വാസികളുടെ ആശങ്കയ്ക്കു പരിഹാരമുണ്ടാക്കി സഭാസമിതികളുടെ അംഗീകാരത്തോടെ സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കണമെന്ന് യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി.
സഭാസമിതികളുടെ വ്യക്തതയുള്ള തീരുമാനങ്ങളോടും മാര്‍ഗനിര്‍ദേശങ്ങളോടും കൂടി മാത്രമേ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളോ സർക്കാരോ നടത്തുന്ന ചര്‍ച്ചകളെ സ്വാഗതം ചെയ്യൂവെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായുടെ അധ്യക്ഷതയില്‍ നടന്ന യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
എഡി 325ല്‍ നിഖ്യായില്‍ നടന്ന സൂനഹദോസിന്റെ 1700-ാമത് വാര്‍ഷികവും 1875ല്‍ മുളന്തുരുത്തിയില്‍ നടന്ന സൂനഹദോസിന്റെ 150-ാമത് വാര്‍ഷികവും എപ്പിസ്കോപ്പല്‍ സൂനഹദോസിന്റെകൂടി അഭിപ്രായത്തിനുശേഷം വര്‍ക്കിംഗ് കമ്മിറ്റികൂടി ആലോചിച്ച് വിപുലമായി നടത്തുന്നതിന് അനുമതി നല്കി.
കാതോലിക്ക ബാവയായി സ്ഥാനമേറ്റശേഷം ആദ്യമായി നടന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ബാവായെ അനുമോദിച്ച് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സംസാരിച്ചു. 2023- 2024 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് സബ്കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് യോഗം ഐകകണ്ഠ്യേന പാസാക്കി.
ബജറ്റിന് അംഗീകാരം
ഭവന പദ്ധതി, ഭിന്നശേഷിക്കാരുടെ സംരക്ഷണം, വൈദികക്ഷേമം, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള 2025-2026 വര്‍ഷത്തേക്കുള്ള ബജറ്റ് സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ യോഗത്തില്‍ അവതരിപ്പിച്ചു. 62,75,49,990 രൂപ വരവും 62,49,50,000 രൂപ ചെലവും 5,99,990 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റിന് മാനേജിംഗ് കമ്മിറ്റി അംഗീകാരം നല്കി.
സഭാ ആസ്ഥാനത്തെ കണ്വന്ഷന് സെന്ററിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിനായി രണ്ടു കോടി രൂപ അനുവദിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ സ്ഥലങ്ങളിലെ നഷ്ടപ്പെട്ട ദേവാലയങ്ങള്‍ക്കായി സഹായം നല്‍കുന്നതിനും ബജറ്റില്‍ തുക വകയിരുത്തി.
യോഗത്തില്‍ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, കുര്യാക്കോസ് മാര്‍ ക്ലിമീസ്, വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.