ആഫ്റ്റർ ട്വൽത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി വിദ്യാഭ്യാസ വകുപ്പ്
Friday, May 23, 2025 12:42 AM IST
തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്ക് തുടർപഠന സാധ്യതകളെക്കുറിച്ച് അറിവു പകരാൻ കരിയർ ഗൈഡൻസ് പ്രോഗ്രാം ‘ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ’ നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തുടർ പഠന സാധ്യതകളിലേക്ക് വിദ്യാർഥികളെ കൈ പിടിച്ചുയർത്തുകയാണ് ലക്ഷ്യം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെല്ലാണ് ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ പ്രോഗ്രാമിന് നേതൃത്വം നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിൽ ലഭ്യമായ മുഴുവൻ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, വിദേശ പഠനം ഉൾപ്പെടെയുള്ള മേഖലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പ്രോഗ്രാമാണിത്.
സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും പന്ത്രണ്ടാം ക്ലാസ് പാസായ വിദ്യാർഥികൾക്ക് 26ന് രാവിലെ 10 മുതൽ ഒരു മണി വരെ ഒരു ഓറിയന്റേഷൻ പ്രോഗ്രാം ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെൽ ഒരുക്കിയിട്ടുണ്ട്.
എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും പരിശീലനം ലഭിച്ച കരിയർ ഗൈഡായിട്ടുള്ള അധ്യാപകരാണ് ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോയുടെ ഭാഗമായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.