അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നുവയസുകാരി പീഡനത്തിനിരയായി; ബന്ധു അറസ്റ്റില്‍
Friday, May 23, 2025 1:28 AM IST
കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നുവയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നു വ്യക്തമായി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തുകയും ചെയ്തു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ച ഇയാള്‍ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.
തനിക്ക് അബദ്ധം പറ്റിയെന്നു പറഞ്ഞ് ഇയാള്‍ പൊട്ടിക്കരഞ്ഞതായാണു പോലീസ് നല്കുന്ന വിവരം. ഇതോടെ ഇന്നലെ രാവിലെ പുത്തന്‍കുരിശ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
19ന് വൈകുന്നേരമാണ് പുത്തന്‍കുരിശ് മറ്റക്കുഴി സ്വദേശിനിയായ മൂന്ന് വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇവരെ ഇന്നലെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകം സംബന്ധിച്ചും കുട്ടി പീഡനത്തിനിരയായ സംഭവത്തെക്കുറിച്ചും കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. കേസന്വേഷിക്കാൻ 22 അംഗ സ്പെഷൽ സംഘത്തെ ജില്ലാ പോലീസ് മേധാവി എം. ഹേമലത നിയോഗിച്ചു.
അടുപ്പം മുതലാക്കി പ്രതി
കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നുവയസുകാരി നേരിട്ടത് ക്രൂരമായ ലൈംഗികപീഡനങ്ങള്‍. കുട്ടിയുടെ മാതാപിതാക്കളുടെ വഴക്ക് മുതലെടുത്താണ് പ്രതി കുട്ടിയെ ചൂഷണത്തിനിരയാക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
തന്നോടുള്ള അടുപ്പം മുതലാക്കി കുട്ടിയെ വീട്ടില്‍ വച്ച് നിരന്തരം ചൂഷണം ചെയ്തതായി കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവായ പ്രതി ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. കൊല്ലപ്പെടുന്ന ദിവസം രാവിലെയും ഉപദ്രവം നേരിട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തിലേറെയായി കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്തുവരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇയാള്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ക്ക് അടിമയാണെന്നാണ് പോലീസ് നല്കുന്ന വിവരം.
വിവരം നൽകിയതു ഫോറന്‍സിക് സര്ജന്
കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഫോറന്‍സിക് സര്ജന് പോലീസിനു കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയവരെ പോലീസ് നിരീക്ഷിച്ചുതുടങ്ങിയിരുന്നു. കുട്ടിയുടെ സംസ്കാരച്ചടങ്ങുകള്‍ നടക്കുമ്പോഴും ബന്ധുക്കളെയടക്കം പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.
സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ അന്നു രാത്രിതന്നെ പിതാവിന്റെ അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. വീട്ടിലെ സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തി.
ഈ മൊഴികളെല്ലാം അടുത്ത ബന്ധുവിലേക്ക് സംശയങ്ങള്‍ നീളുന്നതായിരുന്നു. ഇതോടെ ആദ്യഘട്ടത്തില്‍ ഇയാളെ ചോദ്യംചെയ്തു വിട്ടയച്ചു. തുടര്‍ന്ന് 21ന് മറ്റു രണ്ട് ബന്ധുക്കള്‍ക്കൊപ്പം വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്തു. ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ച ഇയാള്‍ പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.
അസ്വസ്ഥതകളൊന്നും കുട്ടിയിൽ ഉണ്ടായിട്ടില്ലെന്ന് അധ്യാപിക
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നുവയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ സംശയം തോന്നത്തക്ക രീതിയില്‍ കുട്ടിയില്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അങ്കണവാടി അധ്യാപിക. എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ അസ്വസ്ഥതകള്‍ ഉണ്ടായതായി കുട്ടി പറഞ്ഞിരുന്നില്ല. വളരെ സന്തോഷത്തോടെയാണ് കുട്ടി ക്ലാസില്‍ വന്നിരുന്നത്. ചിരിച്ചുകൊണ്ടല്ലാതെ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ല.
അമ്മ ഒരു വിവരവും പങ്കുവച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. കുട്ടിയെ കൂട്ടാന്‍ ബന്ധുക്കള്‍ വന്നിട്ടുണ്ട്. കൊലപാതകം നടന്ന ദിവസവും ഒരു സംശയവും തോന്നിയിട്ടില്ലെന്നും അങ്കണവാടി അധ്യാപിക വ്യക്തമാക്കി.