ഐഎച്ച്ആര്‍ഡിയില്‍ പെന്ഷന് പ്രായം ഉയര്‍ത്താന്‍ നീക്കം
Friday, May 23, 2025 12:42 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഐഎച്ച്ആര്‍ഡിയില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നീക്കം. വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും നല്കാന് സാധിക്കാത്ത സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത്.
വിരമിക്കല്‍ 58 വയസില്‍നിന്ന് 60 ആക്കാനാണ് നീക്കം. ഭരണകക്ഷി യൂണിയനാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനു പിന്നില്‍. വിരമിക്കല്‍ പ്രായം ഉയര്‍ത്തലിനൊപ്പം സ്വയം വിരമിക്കലിനും ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു.
ഏതാനും വര്‍ഷങ്ങളായി ഐഎച്ച്ആര്‍ഡി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ശമ്പളം മുടക്കം പതിവായി. മാസങ്ങള്‍ വൈകിയും ഗഡുകളായിട്ടുമാണ് ശമ്പളം നല്‍കുന്നത്. നിലവില്‍ ഒരു മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.
സംസ്ഥാനത്ത് ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 87 സ്ഥാപനങ്ങളുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ 1500ല്‍പ്പരം ജീവനക്കാര്‍ ഉണ്ടായിരുന്നത് തൊള്ളായിരത്തിലേക്ക് ചുരുങ്ങി. വിദ്യാര്‍ഥികളുടെ അഡ്മിഷന് എണ്ണവും കുറഞ്ഞു.
വിരമിക്കുന്നവര്‍ക്കു പുറമെ സര്‍വീസിലുള്ളവര്‍ക്കും അര്‍ഹമായ അനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഒന്‍പത്, പത്ത്, പതിനൊന്ന് പേ റിവിഷന്‍, ഡിഎ അരിയര്‍ തുടങ്ങിയവ റിട്ടയര്‍ ചെയ്തവര്‍ക്കും സര്‍വീസിലുള്ളവര്‍ക്കും ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല എന്നതാണു പ്രതിസന്ധിക്കു കാരണമായി പറയുന്നത്. വിരമിച്ചവരുടെ ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവ വര്‍ഷങ്ങളായി നല്‍കുന്നില്ല.
ടെര്‍മിനല്‍ സറണ്ടര്‍ എടുക്കുന്നതു മാസ തവണകളായിട്ടാണ് നല്‍കുന്നത്. വിരമിച്ചവര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനും ലഭിക്കുന്നില്ല. ഇതിനിടയിലാണ് വിരമിക്കല്‍ പ്രായം 60 ആയി ഉയര്‍ത്താനുളള നീക്കം. 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്ക് വിരമിക്കലിന് അപേക്ഷിക്കാം.