വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: എഎംവിഐക്കെതിരേ കേസ്
Friday, May 23, 2025 12:42 AM IST
കൊച്ചി: വരവില്‍ കവിഞ്ഞ് സ്വത്ത് സന്പാദിച്ചതിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ (എഎംവിഐ) ക്കെതിരേ വിജിലന്‍സ് കേസെടുത്തു.
തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിലെ എഎംവിഐ തൃശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോട് തുരുത്തിപ്പറമ്പ് അക്കര വീട്ടില്‍ എ. ഇസഡ്. ബെറിലി(35)നെതിരേയാണു വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷല്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗുരുവായൂര്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ എഎംവിഐയായി ജോലി ചെയ്തിരുന്നപ്പോള്‍ വാഹനങ്ങളുടെ ട്രാന്‍സ്ഫര്‍, പെര്‍മിറ്റ് തുടങ്ങിയ സേവനങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങളില്‍നിന്നും ഓട്ടോ കണ്സള്ട്ടന്റുമാരില്നിന്നും ഏജന്റുമാരെ വച്ച് കൈക്കൂലിപ്പണം കൈപ്പറ്റുന്നതായി ഇയാള്‍ക്കെതിരേ പരാതി ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ബെറിലിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തില്‍ ഇയാൾ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്ത കാലയളവില്‍ വിവിധ ബാങ്ക് ഡെപ്പോസിറ്റുകളുള്പ്പെടെ 64,64,006 രൂപയുടെ മുതലുകള്‍ സമ്പാദിച്ചിട്ടുള്ളതായും ഇതില്‍ 21,81,970.50 രൂപ വരവില്‍ കവിഞ്ഞ സ്വത്തുക്കളാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ തൃശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോടുള്ള വീട്ടില്‍ ഇന്നലെ വിജിലന്‍സ് എറണാകുളം സ്പെഷല്‍ സെല്‍ പോലീസ് സൂപ്രണ്ട് പി.എ. മുഹമ്മദ് ആരിഫിന്റെ നിര്‍ദേശാനുസരണം പോലീസ് ഇന്‍സ്പെക്ടറായ എ.ജി. ബിബിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി.
ഇതില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള 18 രേഖകളും 1,08,800 രൂപയും പിടിച്ചെടുത്തു. ഇതു വിശദമായി പരിശോധിച്ചുവരികയാണെന്ന് വിജിലന്‍സ് അറിയിച്ചു.