ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതിയുടെ അറസ്റ്റ് തടഞ്ഞു
Friday, May 23, 2025 12:42 AM IST
കൊച്ചി: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുഹൃത്ത് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി 26ന് വിധി പറയും.
അതുവരെ സുകാന്തിനെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. ഇതുവരെയും പ്രതിയെ പിടികൂടാത്തതെന്തെന്നു പോലീസിനോട് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ചോദിച്ചു.
തങ്ങളുടെ വിവാഹം വീട്ടുകാര്‍ എതിര്‍ത്തതാണ് യുവതിയെ മാനസിക സമ്മര്ദത്തിലാക്കിയതെന്നാണു ഹര്‍ജിക്കാരന്റെ വാദം. യുവതി ആത്മഹത്യ ചെയ്തതാണെങ്കില്‍ മാതാപിതാക്കളുടെ നിലപാടിന്റെ ഫലമായിരിക്കുമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്താന്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ക്ഷണക്കത്തും വ്യാജമായി ഉണ്ടാക്കിയെന്നതടക്കം പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലെ ആരോപണവും കോടതി പരിശോധിച്ചിരുന്നു.