ഗോവൻ തീരത്ത് ന്യൂനമർദം; കാലവർഷം രണ്ടു ദിവസത്തിനകം
Friday, May 23, 2025 1:28 AM IST
തിരുവനന്തപുരം: തെക്കൻ കൊങ്കണ്‍ - ഗോവ തീരത്തോടു ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കാലവർഷം അടുത്ത രണ്ടു ദിവസത്തിനകം കേരളത്തിൽ എത്തിച്ചേരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദം വടക്കോട്ടു സഞ്ചരിക്കാനും തുടർന്നുള്ള ദിവസങ്ങളിൽ ശക്തിപ്രാപിച്ചു തീവ്ര ന്യൂനമർദമാകാനും സാധ്യതയുണ്ട്. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിലും വടക്കൻ ബംഗാൾ ഉൾക്കടലിലും മേയ് 27നോടെ മറ്റൊരു ന്യൂനമർദവും രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇതേത്തുടർന്നു സംസ്ഥാനത്തു കാലവർഷം ശക്തിപ്രാപിക്കും. 26 വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.