മാർ മാത്യു മാക്കീലിന്റെ ധന്യപദവി ; കോട്ടയം അതിരൂപതയ്ക്ക് ആത്മീയ സന്തോഷം പകരുന്നു: കര്‍ദിനാൾ മാര്‍ ആലഞ്ചേരി
Friday, May 23, 2025 11:58 PM IST
കോട്ടയം: മാര്‍ മാത്യു മാക്കീലിന്റെ ധന്യപദവി കോട്ടയം അതിരൂപതയ്ക്ക് ആത്മീയസന്തോഷം പകരുന്നതാണെന്നും മാക്കീല്‍ പിതാവ് വിശുദ്ധ പദവിയിലേക്ക് ഉയരാനായുള്ള പ്രാര്‍ഥനകളാണ് ഇനി ആവശ്യമെന്നും കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ മാര്‍ മാത്യു മാക്കീലിന്റെ കബറിടത്തില്‍ പ്രാർഥന നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി.
മാക്കീല്‍ പിതാവ് വിശുദ്ധനാകാനുള്ള യോഗ്യത ധന്യന്പദവിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തിന്റെ സഹായത്താല്‍ കൂടുതല്‍ അദ്ഭുതങ്ങളിലൂടെ അദ്ദേഹം വിശുദ്ധപദവിയിലേക്ക് എത്താന്‍ സഭാ കൂട്ടായ്മ ഒന്നായി പ്രാര്‍ഥിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഇടയ്ക്കാട്ട് പള്ളിയിലെത്തിയ കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വികാരി ഫാ. സൈമണ്‍ പുല്ലാട്ടിന്റെയും, മാക്കീൽ പിതാവ് തുടക്കംകുറിച്ച വിസിറ്റേഷൻ കോൺഗ്രിഗേഷൻ സിസ്റ്റേഴ്സിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
കോട്ടയം അതിരൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, ദീപിക ജനറല്‍ മാനേജര്‍ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, അഡ്വ. അജി ജോസഫ്, അഡ്വ. അശ്വിന് മാത്യൂസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.