മാസപ്പടി കേസ്; എസ്എഫ്ഐഒ റിപ്പോര്‍ട്ടിലെ നടപടികള്‍ നാലു മാസത്തേക്കു തടഞ്ഞ് ഹൈക്കോടതി
Saturday, May 24, 2025 12:32 AM IST
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ഫയല്‍ ചെയ്ത അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നതിലുള്ള വിലക്ക് ഹൈക്കോടതി നാലു മാസത്തേക്കു നീട്ടി.
കേസെടുക്കാന്‍ ഉത്തരവിട്ട പ്രത്യേക കോടതിയുടെ നടപടിയില്‍ തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ എതിര്‍കക്ഷികള്‍ക്കു സമന്‍സ് അയയ്ക്കുന്നതടക്കമുള്ള പ്രത്യേക കോടതി നടപടികള്‍ ഹൈക്കോടതി ഉത്തരവോടെ നിർത്തിവച്ചിരിക്കുകയാണ്.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണു പ്രത്യേക കോടതി കേസെടുക്കാന്‍ നിർദേശിച്ചതെന്നു ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. ഭാരതീയ നാഗരിക സുരക്ഷാ സംഹിതപ്രകാരം കേസെടുക്കാന്‍ ഉത്തരവിടുന്നതിനുമുമ്പ് എതിര്‍കക്ഷികളെയും കേള്‍ക്കേണ്ടതുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം.