അതിതീവ്രമഴ പ്രവചനം
Saturday, May 24, 2025 1:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നു സൂചന. ഇതേത്തുടർന്ന് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 20 സെന്റീ മിറ്ററിൽ കൂടുതൽ മഴ പെയ്തിറങ്ങുമെന്ന സൂചനയാണ് റെഡ് അലർട്ട് നല്കുന്നത്.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 15 സെന്റിമീറ്ററിൽ കൂടുതൽ മഴ പെയ്തിറങ്ങാൻ സാധ്യതയാണ് ഓറഞ്ച് അലർട്ട് സൂചന നല്കുന്നത്.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന പ്രകാരം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഈ മാസം 26ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട ജില്ലകളിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിതീവ്രമഴ പ്രവചിച്ചിട്ടുള്ള മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതകളുണ്ട്. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാമെന്നതിനാൽ, ഈ മേഖലകളിലുള്ളവർ ക്യാന്പുകളിലേക്കു മാറണം.