മഴ: ചെങ്കൽ ക്വാറിയിടിഞ്ഞ് തൊഴിലാളി മരിച്ചു
Friday, May 23, 2025 11:58 PM IST
പെരിങ്ങോം: കനത്ത മഴയെത്തുടർന്ന് ചൂരലില്‍ ചെങ്കല്‍ ക്വാറിയിടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട് ലോഡിംഗ് തൊഴിലാളി മരിച്ചു. ആസാം സ്വദേശി ഗോപാല്‍ ബര്‍മനാണ് (33) മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെയാണ് ചൂരല്‍ തവിടിശേരി റോഡിലെ ചെങ്കല്‍ ക്വാറിയിൽ അപകടമുണ്ടായത്. ലോറിയില്‍ ചെങ്കല്ല് കയറ്റുകയായിരുന്ന ഗോപാൽ ബർമന്റെ മേൽ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞ് കല്ലും മണ്ണും വീഴുകയായിരുന്നു.
മണ്ണിനടിയിലായ ഗോപാൽ ബർമനെ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളുമെത്തി ജെസിബി കൊണ്ട് മണ്ണ് നീക്കിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.