ദേശീയപാത നിർമാണം ; മുഖ്യമന്ത്രി ഒളിച്ചോടരുതെന്ന് രമേശ് ചെന്നിത്തല
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: ദേശീയപാത പൊളിഞ്ഞുവീണപ്പോൾ അതിന്റെ നിർമാണവുമായി സംസ്ഥാന സർക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്വത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും തമ്മിൽ ഒരു ഏകോപനവുമുണ്ടായിരുന്നില്ല എന്നാണ് ഇതിന്റെ അർഥം.
കേരളത്തിന്റെ പൊതുമരാമത്തു മന്ത്രിയും സംഘവും ഇടയ്ക്കിടെ ദേശീയപാത പണി നടക്കുന്നിടം സന്ദർശിച്ച് വിദഗ്ധ പരിശോധന എന്ന പേരിലുള്ള പ്രഹസനങ്ങൾ നടത്തിയത് എന്തിനാണ് എന്നതും വ്യക്തമാക്കണം.
കേരളത്തിൽ മഴ തുടങ്ങിയിട്ടേയുള്ളൂ. ആദ്യത്തെ മഴയ്ക്കുതന്നെ ഇതാണ് അവസ്ഥയെങ്കിൽ മഴ കനക്കുന്പോൾ ഉദ്ഘാടനം ചെയ്യാൻ പുതിയ ദേശീയപാതതന്നെ ഉണ്ടാകുമോ എന്നു സംശയമാണ്. കേരളത്തിന്റെ കാലാവസ്ഥാ സാഹചര്യങ്ങളും മണ്ണിന്റെ ഉറപ്പുമടക്കമുള്ളവ റോഡ് നിർമ്മാണത്തിനു മുന്പ് പരിഗണിച്ചുണ്ടോ എന്നു പോലും സംശയമാണെന്നും ചെന്നിത്തല പറഞ്ഞു.