മുണ്ടേരി ഉള്‍വനത്തിലെ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
Friday, May 23, 2025 11:58 PM IST
കൊച്ചി: നിലമ്പൂരിനടുത്ത് മുണ്ടേരി ഉള്‍വനത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന മുന്നൂറോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ഹര്‍ജികളില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
മലപ്പുറം ജില്ലാ കളക്ടറോടാണു ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിർദേശിച്ചത്.
2018-19ലെ പ്രളയത്തെത്തുടര്‍ന്ന് ചാലിയാറിലെ പാലങ്ങളടക്കം ഒലിച്ചുപോയതോടെയാണ് ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാര്‍ ഒറ്റപ്പെട്ടത്. പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡുകളിലാണ് പലരും താമസിക്കുന്നത്.
കോടതി നിർദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി കഴിഞ്ഞവര്‍ഷം ഇതുസംബന്ധിച്ച് ശിപാര്‍ശകള്‍ നല്‍കിയിരുന്നു. ആദിവാസി കുടുംബങ്ങള്‍ക്ക് ആവശ്യമായ ബയോ ടോയ്ലറ്റുകള് ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
പാലം നിര്‍മിക്കാന്‍ അഞ്ചു കോടി അനുവദിച്ചതായി സര്‍ക്കാരും അറിയിച്ചു. എന്നാല്‍ കാര്യമായ നടപടികളുണ്ടായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്ത്, സുധ വാണിയമ്പുഴ എന്നീ ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ 30ന് വീണ്ടും പരിഗണിക്കും.