ദേശീയപാത നിർമാണം; സർക്കാർ ഏകോപനം നടത്തിയില്ല: വി.ഡി. സതീശൻ
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: ദേശീയപാതാ നിർമാണത്തിൽ സംസ്ഥാന സർക്കാരിന് ദേശീയപാതാ അഥോറിറ്റിയുമായി ഒരു ഏകോപനവും ഉണ്ടായിരുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
ഡിപിആറിൽ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്വത്തോടെ ആയിരിക്കുമെന്നു കരുതുന്നു. അതേക്കുറിച്ച് അന്വേഷിക്കണം. ഡിപിആറിൽ മാറ്റം വരുത്താൻ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണം.
മണ്ണു പരിശോധന നടത്താതെയാണ് പില്ലറുകൾ സ്ഥാപിച്ചത്. അതാണ് ഇടിഞ്ഞു വീണത്. ഇതൊക്കെ തങ്ങൾ ആദ്യം പറഞ്ഞതാണ്. ദേശീയപാതയിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിൻ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട്. ധാരാളം തോടുകളും കാനകളും അടഞ്ഞു പോയിട്ടുണ്ട്. ജനങ്ങൾ ഭയപ്പാടിലാണ്.
ദേശീയ പാത നിർമാണവുമായി ‘അ’ മുതൽ ‘ക്ഷ’ വരെ ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. എല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ദേശീയപാതയെ ഞങ്ങൾ എതിർത്തിട്ടില്ല. അശാസ്ത്രീയമായ നിർമാണം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തെ പാരിസ്ഥിതികമായും സാന്പത്തികമായും തകർക്കുന്ന കെ റെയിലിനു മാത്രമാണ് തങ്ങൾ എതിരുനിന്നതെന്നു സതീശൻ പറഞ്ഞു.