ഫിഷറീസ് സർവകലാശാലയ്ക്ക് നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: കേരള ഫിഷറീസ് സർവകലാശാലയ്ക്ക് (കുഫോസ്) നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗണ്‍സിലിന്റെ നാക എ ഗ്രേഡ് ലഭിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ഈ നേട്ടത്തിനു പിന്നാലെ കൊച്ചിൻ ഷിപ്പിയാർഡിന്റെ സിഎസ്ആർ ഫണ്ടിൽനിന്നും 20 ലക്ഷം രൂപ കുഫോസിനു ലഭിച്ചതായും മന്ത്രി അറിയിച്ചു. ഐസർ, യുജിസി, എഐസിടിഇ എന്നിവയുടെ അംഗീകാരം ലഭിച്ച പ്രോഗ്രാമുകൾ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ഏക സ്പെഷ്യലൈസ്ഡ് സർവകലാശാല കൂടിയാണ് കുഫോസ്.
കുഫോസിനെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിനു വേണ്ടി ബ്ലൂ ഇക്കോണമി ആൻഡ് മറൈൻ ഇന്നോവേഷൻ സെന്റർ ആരംഭിക്കുവാനും കുഫോസിനെ ഒരു വിജ്ഞാന കേന്ദ്രമായി ഉയർത്തുവാനും നാക് ടീം നിർദേശിച്ചിട്ടുണ്ട്.
കുഫോസ് ഇനി അടിസ്ഥാന സൗകര്യ വികസനം, വൈവിധ്യവത്കരണം, മൾട്ടി ഡിസിപ്ലിനറി ഗവേഷണത്തിലും നവീകരണത്തിനുമുളള ഒരു നോഡൽ കേന്ദ്രമായി മാറ്റൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.