ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; നിർണായക ചാറ്റ് വിവരങ്ങൾ പുറത്ത്
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സുകാന്തിന്റെ ചാറ്റ് വിവരങ്ങൾ അടങ്ങിയ നിർണായക തെളിവുകൾ ലഭിച്ചതായി പോലീസ്.
സുകാന്തിന്റെ ഐഫോണിലെ ചാറ്റ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയോട് എന്ന് ആത്മഹത്യ ചെയ്യുമെന്നും ഇതിനു ശേഷം വേണം തനിക്കു മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കാനെന്നും സുകാന്ത് പറയുന്ന ചാറ്റുകൾ പോലീസ് കണ്ടെത്തിയത്.
സുകാന്തിന്റെ ഇത്തരത്തിലുള്ള ആവർത്തിച്ചുള്ള ചോദ്യത്തിന് പെണ്‍കുട്ടി മറുപടി നൽകിയതും കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാമിലൂടെ ഇരുവരും ചാറ്റ് ചെയ്തതാണ് പോലീസ് കണ്ടെത്തിയത്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പോലീസ് അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. മരണം നടന്നു രണ്ടുമാസമായിട്ടും പ്രതിപ്പട്ടികയിലുള്ള സുകാന്ത് സുരേഷിനെ പോലീസ് പിടികൂടുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞദിവസം കുടുംബം മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടിരുന്നു. അന്വേഷണം വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരേ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തത്.
ലൈംഗിക പീഡനത്തിനു തെളിവു ലഭിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ മാർച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ജോലി കഴിഞ്ഞിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പരാതി.