തൃശൂർ നഗരമധ്യത്തിൽ കാറ്റ്; ഇരുന്പു മേൽക്കൂര റോഡിൽ പതിച്ചു
Saturday, May 24, 2025 12:32 AM IST
തൃശൂർ: കോർപറേഷന്റെ ഉടമസ്ഥതയിലുള്ള എംഒ റോഡിലെ നാലുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലെ ഇരുന്പു മേൽക്കൂര കാറ്റിൽ ജനത്തിരക്കേറിയ എംഒ റോഡിൽ പതിച്ചു. ഇന്നലെ വൈകുന്നേരം 4.49നാണു സംഭവം.
കാറ്റിൽ മേൽക്കൂര പറന്ന് റോഡിന്റെ എതിർവശത്താണു വീണത്. കനത്ത മഴമൂലം റോഡിൽ വാഹനങ്ങളും കാൽനടയാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി
. ഒരു ഓട്ടോറിക്ഷയും തൊട്ടുപിന്നാലെയെത്തിയ കാറും മേൽക്കൂര വീഴുന്നതുകണ്ട് പെട്ടെന്നു നിർത്തി. റോഡിനിരുവശങ്ങളിലുമുള്ള നടപ്പാതയിൽ ഈ സമയം ആളുകളുണ്ടായിരുന്നു.
നടപ്പാതയിലേക്കു വീണിരുന്നെങ്കിൽ ആളപായമടക്കം സംഭവിക്കുമായിരുന്നു. ശക്തൻ സ്റ്റാൻഡിലേക്കു ബസുകളും ചെറുവാഹനങ്ങളും ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ പ്രധാന റോഡാണ് എംഒ റോഡ്.
2000 ചതുരശ്രഅടി വിസ്തീർണമുള്ളതാണു മേൽക്കൂര. കാറ്റുനിലച്ചതുകൊണ്ടാണു എതിർഭാഗത്തുള്ള റോഡിലേക്കു വീണത്. രണ്ടടി മാറി ഫുട്പാത്തിലേക്കു വീണിരുന്നെങ്കിൽ വൻ അപകടത്തിനു വഴിവയ്ക്കുമായിരുന്നു.
റോഡിന്റെ മധ്യഭാഗത്തുള്ള ബാരിക്കേഡുകൾ മുഴുവനായും ഫുട്പാത്തിനോട് ചേർന്നുള്ള ബാരിക്കേഡുകളിൽ ഒരെണ്ണവും തകർന്നു. ഫയർഫോഴ്സെത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണു മേൽക്കൂര മുറിച്ചുമാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.