മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി; ആധുനിക മോഡുലാർ തിയറ്റർ കോംപ്ലക്സിന്റെയും സർജിക്കൽ കെയർ യൂണിറ്റിന്റെയും ഉദ്ഘാടനം നാളെ
Friday, May 23, 2025 11:58 PM IST
മുണ്ടക്കയം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുതിയതായി നിർമിച്ച അത്യാധുനിക മോഡുലാർ ഓപ്പറേഷൻ തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, ഹോസ്പിറ്റൽ പിആർഒമാരായ അരുൺ ആണ്ടൂർ, ജെബിൻ ഏബ്രഹാം, ബിനു തോമസ് എന്നിവർ അറിയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ സർജിക്കൽ ഐസിയുവിന്റെയും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ട്രാൻസ്പ്ലാന്റ് ഐസിയുവിന്റെയും ഉദ്ഘാടനം നടത്തും. മാർ മാത്യു അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.
ഡീൻ കുര്യാക്കോസ് എംപി, ആന്റോ ആന്റണി എംപി, വാഴൂർ സോമൻ എംഎൽഎ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി ഒഴക്കോട്ടയിൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് മെംബർ കെ.ടി. ബിനു, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിക്കും.
അത്യാധുനിക രീതിയിലുള്ള ആറ് ഓപ്പറേഷൻ തിയറ്ററുകൾ ഉൾക്കൊള്ളുന്ന തിയറ്റർ സമുച്ചയത്തിൽ സർജിക്കൽ ഐസിയു, പോസ്റ്റ്ഓപ്പറേറ്റീവ് ഐസിയു, ട്രാൻസ്പ്ലാന്റ് ഐസിയു, സിഎസ്എസ്ഡി ഡിപ്പാർട്ട്മെന്റുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എമർജൻസി ഡിപ്പാർട്ട്മെന്റ് മദർ ആന്ഡ് ചൈൽഡ് കെയർ സെന്റർ, റേഡിയോളജി ഡിപ്പാർട്ട്മെന്റ്, സെൻട്രൽ ഫാർമസി, 60 പേഷ്യന്റ് റൂമുകളും പുതിയ ബിൽഡിംഗിൽ സജ്ജീകരിച്ചിരിക്കുന്നു.