വ്യാജ പാസ്പോർട്ട് കേസ് ; ഒന്നാം പ്രതി അലക്സ് സി. ജോസഫിന് എട്ടു വർഷം തടവും പിഴയും
Saturday, May 24, 2025 12:32 AM IST
തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് കേസിൽ ഒന്നാം പ്രതി അലക്സ് സി. ജോസഫിന് വിവിധ വകുപ്പുകളിലായി എട്ടു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
എല്ലാ ശിക്ഷയും ഒരുമിച്ച് മൂന്നു വർഷം അനുഭവിച്ചാൽ മതി. രണ്ടാം പ്രതി മുൻ തിരുവല്ല എസ്ഐ വിനോദ് കൃഷ്ണനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.എസ്. രാജീവിന്റേതാണ് ഉത്തരവ്.
ആഡംബര കാറുകൾ കള്ളക്കടത്തു നടത്തിയ കേസിലെ പ്രധാന പ്രതിയാണ് അലക്സ് സി. ജോസഫ്. 1997 മുതൽ 2000 വരെ കൊച്ചി തുറമുഖം വഴി ഇടനിലക്കാരനായി നിന്ന് വിദേശികളും സ്വദേശികളുമായ ആളുകളുടെ പാസ്പോർട്ട് ഉപയോഗിച്ച് ആഡംബര കാറുകൾ ഇറക്കുമതി ചെയ്തതു വഴി ഭീമമായി നികുതിപ്പണം വെട്ടിച്ചു എന്നാണ് ആദ്യം ഡിആർഐപ്രതിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ്.
കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഒളിവിലായിരുന്ന പ്രതിയെ ഡിആർഐയുടെ നിർദേശ പ്രകാരം 1999ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഈ സമയങ്ങളിലെല്ലാം ഇയാൾ സിംഗപ്പുർ, മലേഷ്യ, ചൈന, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിരന്തരം യാത്ര ചെയ്തിരുന്നു. ഇതിനിടെയാണ് 2011 നവംബർ ആറിന് എബി ജോണ് എന്ന ആളുടെ പേരിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് വ്യാജ പാസ്പോർട്ട് കേസിൽ പിടി കൂടിയത്.
തുടർന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ തിരുവല്ല പോലീസിനെ ഏൽപ്പിച്ചു. ഇവിടെനിന്നും രണ്ടാം പ്രതി വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കേരളത്തിൽ എത്തിക്കാനായി പോയത്.
ഇവിടെ വച്ച് പ്രതിയുടെ സ്വാധീനത്തിൽ വഴങ്ങി വ്യാജ പാസ്പോർട്ട് ഒന്നാം പ്രതിക്ക് നൽകിയിരുന്നു. ഇതു പ്രതി നശിപ്പിച്ചു. ഇതിന് സഹായിച്ച കാരണത്താലാണ് വിനോദ് കൃഷ്ണ രണ്ടാം പ്രതിയാക്കി സിബിഐ 2016 ൽ കുറ്റപത്രം സമർപ്പിച്ചത്.