എല്ലാവരും വികസനത്തിന്റെ സ്വാദ് അനുഭവിക്കണം: മുഖ്യമന്ത്രി
Saturday, May 24, 2025 1:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്വാദ് അനുഭവിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നവകേരളം സങ്കൽപ്പമാക്കി വയ്ക്കാനുള്ളതല്ല. വർത്തമാനകാലത്തിൽ യാഥാർഥ്യമാക്കാനുള്ളതാണ്. കേരളത്തിൽ സർവതലസ്പർശിയായ വികസനമാണു നടക്കുന്നത്.
എല്ലാ പ്രദേശവും വികസനത്തിന്റെ സ്പർശം ഏൽക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ പ്രോഗ്രസ് കാർഡ് പ്രകാശിപ്പിച്ചശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാരിന്റെ പദ്ധതികളെല്ലാം അവതാളത്തിലായി, ഒന്നും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന പ്രചാരണം നടക്കുന്നു. എന്നാൽ, അതല്ല സ്ഥിതി. കഴിഞ്ഞ സാന്പത്തികവർഷം വാർഷിക പദ്ധതി അടങ്കൽ 30,370 കോടിരൂപയായിരുന്നു.
അതിൽ ചെലവിട്ടത് 29,224 .23 കോടിയാണ്. 96.23 ശതമാനം. വലിയതോതിൽ അധികാരവും പണവും ലഭിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ആ സ്ഥാപനങ്ങൾക്ക് 2024-25ൽ വകയിരുത്തിയത് 8532 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.