ദൈവദാസി മദർ ഷന്താളിന്റെ മാധ്യസ്ഥ്യം തേടി ആയിരങ്ങൾ
Friday, May 23, 2025 11:58 PM IST
അതിരമ്പുഴ: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമ അംഗവുമായ ദൈവദാസി മദർ മേരി ഫ്രാൻസിസ്ക ദ് ഷന്താളിന്റെ 53-ാം ചരമവാർഷികാചരണത്തിന് ആയിരങ്ങളെത്തി.
ആരാധനാമഠം ചാപ്പലിൽ കബറിടത്തിലെ പ്രാർഥനയിലും സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലും ശ്രാദ്ധ നേർച്ചയിലും പങ്കെടുത്താണ് വിശ്വാസികൾ മടങ്ങിയത്.
കബറിടത്തിങ്കലെ ഒപ്പീസിലും തുടർന്നു നടന്ന വിശുദ്ധ കുർബാനയിലും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമിതത്വം വഹിച്ചു. സഹനം അവസാനം വരെ ജീവിച്ചുതീർക്കുക എന്നത് ഷന്താളമ്മയുടെ ആത്മീയബോധ്യമായിരുന്നെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ പറഞ്ഞു.
നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ റവ.ഡോ. ജോസ് കൊല്ലാറ, പ്രൊമോട്ടർ ഓഫ് ജസ്റ്റീസ് റവ.ഡോ. ടോം പുത്തൻകളം, നോട്ടറി ഫാ. തോമസ് പ്ലാപ്പറമ്പിൽ, നിരണം മാർത്തോമ്മാ ശ്ലീഹാ സെമിനാരി സ്പിരിച്വൽ ഫാദർ ഫാ. ജോർജ് വല്ലയിൽ, അതിരമ്പുഴ ലിസ്യു മൈനർ സെമിനാരി റെക്ടർ ഫാ. ജോർജ് വള്ളിയാംതടം എംസിബിഎസ്, തെള്ളകം ചെറുപുഷ്പാശ്രമം പ്രിയോർ ഫാ. ജോസഫ് ചാലിച്ചിറ ഒസിഡി എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.
ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ റോസിലി ഒഴുകയിൽ, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, വൈസ് പോസ്റ്റുലേറ്റർമാരായ സിസ്റ്റർ തെക്ല എസ്എബിഎസ്, സിസ്റ്റർ എത്സ പൈകട എസ്എബിഎസ് എന്നിവർ നേതൃത്വം നൽകി.